തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന് വ്യക്തമാക്കി പോലീസ്. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന് തന്നെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തലെന്നും ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്ബിള്‍ എടുത്തിട്ടുണ്ടെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും മോഡലുമായ വഫ ഫിറോസും ശ്രീറാമിനെതിരെ പോലീസിന് മൊഴി നല്കി. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന് കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന് പോലീസിനോട് നേരത്തെ പറഞ്ഞത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമായിരുന്നു വാഹനത്തില്‍. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടസമയത്ത് താനല്ല, സുഹൃത്താണ് കാറോടിച്ചതെന്നാണ് ഇദ്ദേഹം പോലീസിനോട് പറഞ്ഞത്. വഫ ഫിറോസിന്റെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്.
0 التعليقات: