Friday, 30 August 2019

ഇനി തുണിയും പേപ്പറും ഉപയോഗിക്കാം; പിവിസി ഫ്ലക്സുകൾ നിരോധിച്ച് സർക്കാർ

തിരുവനന്തപുരം: ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പിവിസി(പോളി വിനൈല്‍ ക്ലോറൈഡ്) ഫ്‌ലക്‌സ് സംസ്ഥാനത്ത് നിരോധിച്ചു. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്‌ലക്‌സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നു തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.


പിവിസി ഫ്‌ലക്‌സിനു പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ മുഴുവന്‍ 
പരസ്യ പ്രിന്റിങ് ഏജന്‍സികളും പിവിസി ഫ്‌ലക്‌സ് ഉപയോഗിക്കുന്നില്ലെന്നു ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഉത്തരവിനുശേഷവും പിവിസി ഫ്‌ലക്‌സ് പ്രിന്റ് ചെയ്യുന്നവരില്‍ നിന്ന് ചതുരശ്ര അടിക്ക് 20രൂപ നിരക്കില്‍ പിഴ ഈടാക്കും. 
നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡ്-ബാനറുകള്‍ നീക്കം ചെയ്യാത്തവരില്‍നിന്നും ഈ പിഴ ഈടാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദു ചെയ്യും.


ഫ്‌ലക്‌സ് നിരോധനത്തിന്റെ പ്രയോഗികതയെക്കുറിച്ച് പഠിച്ച കമ്മറ്റി ഫ്‌ലക്‌സ് നിരോധിക്കണമെന്നു നേരത്തെ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു. പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും നിര്‍മാണവും രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കണമെന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയവും നിര്‍ദശിച്ചിരുന്നു.


പിവിസി ഫ്‌ലക്‌സിനു പകരം ഉപയോഗിക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമായ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് നിലവിലില്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്‌ലക്‌സ് പ്രിന്റിങ് മെഷിനില്‍ തന്നെ ബാനറുകളും മറ്റും പ്രിന്റ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ തൊഴില്‍ നഷ്ടം ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.


SHARE THIS

Author:

0 التعليقات: