Tuesday, 6 August 2019

അനുമതിയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ 9,915 പേരെ തിരിച്ചയച്ചു

റിയാദ്: അനുമതിയില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ 9,915 പേരെ തിരിച്ചയച്ചു. അനധികൃത മാര്‍ഗ്ഗത്തിലൂടെ ഹജ്ജ് നിര്‍വ്വഹിക്കുന്നത് തടയാന്‍ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു.

അനുമതിപത്രമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 9915 പേരെ പിടികൂടി തിരിച്ചയച്ചായി ഹജ്ജ് സുരക്ഷാസേന വക്താവ് അറിയിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത 181 വ്യാജ സര്‍വീസ് ഓഫീസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ് വേളയില്‍ മക്കയില്‍ ജോലിചെയ്യുന്നതിന് അനുമതിപത്രമില്ലാതിരുന്ന 3,89,359 വിദേശികളെയും തിരിച്ചയച്ചു. പുണ്യ സ്ഥലങ്ങളില്‍ ഹജ്ജ് നിയമവ്യവസ്ഥകള്‍ ലംഘിച്ച 277 വിദേശികളെയും പിടികൂടി.

ഹജ്ജ് സീസണില്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ഇല്ലാതിരുന്ന 1,73,223 വാഹനങ്ങളും തിരിച്ചയച്ചു. അനധികൃത മാര്‍ഗത്തിലൂടെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നത് നിരീക്ഷിക്കുന്നതിന് സുരക്ഷാ വിഭാഗം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവന്‍ വഴികളിലും നിരീക്ഷണം ശക്തമാക്കിയതായും ഹജ്ജ് സുരക്ഷാസേന അറിയിച്ചു.


SHARE THIS

Author:

0 التعليقات: