Saturday, 10 August 2019

തേജസ്വിനിപ്പുഴ കരകവിഞ്ഞു; കാസര്‍കോട് നിരവധി വീടുകളില്‍ വെള്ളംകയറി

കാസര്‍കോട്: മൂന്ന് ദിവസത്തിലധികമായി തോരാതെ പെയ്യുന്ന മഴ കാസര്‍കോടിനെയും ദുരിതത്തിലാക്കി. ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായതിനെ തുടര്‍ന്ന് തേജസ്വിനിപ്പുഴ ഉള്‍പ്പെടെ നിരവധി പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും പുഴയുടെ സമീപമുള്ള വീടുകളും വെള്ളത്തിനടിയിലായി. ഇതിനുപുറമെ, കാസര്‍കോടിന്റെ മലയോര പ്രദേശങ്ങളിലൂള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതേതുടര്‍ന്ന് പനത്തടി കമ്മാടി, സൗത്ത് തൃക്കരിപ്പൂര്‍, പരപ്പ കാര്‍ഷിക ഫാം എന്നിവിടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറുന്നു. കയ്യൂരില്‍ ചെറിയാക്കര, കയ്യൂര്‍, പൂക്കോട് എന്നിവിടങ്ങളില്‍ പുഴ കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളംകയറിയതിനാല്‍ 50 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.

കുന്നുംകൈ ടൗണില്‍ ഇന്നലെ 30 അടിയോളം ഉയരത്തില്‍ നിന്ന് മണ്ണിടിഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ റൂട്ടില്‍ ഗതാഗതം മുടങ്ങി. ചെറുപുഴ ഒടയഞ്ചാല്‍ മേജര്‍ ജില്ലാ റോഡില്‍ പ്ലാച്ചിക്കര വനത്തില്‍ മണ്ണിടിഞ്ഞു. മണിക്കുറുകളോളം ഗതാഗതം മുടങ്ങി. കാസര്‍കോടിന്റെ മലയോര മേഖലയായ ഭീമനടിയില്‍ ഇന്ന് രാവിലെ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, തേജസ്വിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് അഞ്ഞൂറോളം വീടുകളില്‍ വെള്ളംകയറി. ചാത്തമത്ത്, പൊടോതുരുത്തി, പാലായി, പള്ളിക്കര താഴേഭാഗം, ചെമ്മാക്കര, തോട്ടുമ്പുറം, ഓര്‍ച്ച ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടുമുതല്‍ പുഴ കരകവിഞ്ഞ് വീടുകളുടെ പടിക്കെട്ടിലേക്ക് എത്തിയിരുന്നു. നീലേശ്വരം നഗരസഭാപരിധിയിലെ മുന്നൂറ്റിയന്‍പതിലേറെ വീടുകളിലും കിനാനൂര്‍-കരിന്തളത്തെ അന്‍പതിലേറെ വീടുകളിലുമാണ് വെള്ളംകയറിയത്.

മഴയിലും കാറ്റിലും മലയോരത്ത് വ്യാപകനാശം. കോടോംബേളൂരിലാണ് കൂടുതല്‍. ഇവിടെയും കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലുമായി 21 വീടുകള്‍ തകര്‍ന്നു. ഇതില്‍ പന്ത്രണ്ടും കോടോംബേളൂരിലാണ്. വന്‍ കൃഷിനാശവുമുണ്ട്. തായന്നൂര്‍ ബഡൂരിലെ കെ.എം.ഷിബുവിന്റെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. 

ചന്ദ്രഗിരിപ്പുഴയുടെ കൈവരിയായ കുടുംബൂര്‍ പുഴ മിക്കസ്ഥലങ്ങളിലും കരകവിഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും വൈദ്യുതിത്തൂണുകള്‍ തകര്‍ന്നും ലൈനിനുമുകളില്‍ മരംവീണ് പൊട്ടിയും വൈദ്യുതിവിതരണം താറുമാറായി.


SHARE THIS

Author:

0 التعليقات: