Wednesday, 14 August 2019

മഴക്കെടുതി; മരിച്ചവരുടെ എണ്ണം 103, കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്.

കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയ ഏഴ് മൃതദേഹങ്ങളില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഭവ്യ, വിഷ്ണുപ്രിയ, ചക്കി, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പ്രദേശത്ത് മഴ ശക്തമായത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തെരച്ചില്‍ കവളപ്പാറയില്‍ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ കവളപ്പാറയില്‍ നിന്ന് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തെരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. 

അതേസമയം, അതിശക്തമായ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായ ഏഴുപേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താനായില്ല. മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നയിടം പ്രവചിച്ച് ഭൂപടം തയ്യാറാക്കിയാണ് പുത്തുമലയിലെ ഇന്നത്തെ തെരച്ചില്‍.

ഇതിനിടെ, മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് മാനദണ്ഡമനുസരിച്ചുള്ള ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.  വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇനിയും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 



SHARE THIS

Author:

0 التعليقات: