Monday, 26 August 2019

ചിട്ടി തട്ടിപ്പ് കേസ് പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; കേസില്‍ മുങ്ങിയ പ്രതികള്‍ ഇപ്പോഴും ഗള്‍ഫില്‍

കാസര്‍കോട്: ചന്ദ്രഗിരി ചിട്ടി തട്ടിപ്പ് കേസില്‍ മുങ്ങിയ പ്രതികള്‍ ഇപ്പോഴും ഗള്‍ഫില്‍ തന്നെ. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നുവെങ്കിലും തട്ടിപ്പില്‍ കുടുങ്ങി ആയിരങ്ങളും ലക്ഷങ്ങളും നഷ്ടമായവരുടെ ആശങ്ക ഒഴിയുന്നില്ല. 

പ്രതികളെ പിടികൂടാതെ ഇവര്‍ക്ക് ലഭിക്കാനുള്ള തുകയുടെ കാര്യത്തിലുള്ള അനിശ്ചിതത്വവും ഒഴിവാക്കാനാവില്ല. നിക്ഷേപകരുടെയും ചിട്ടിയില്‍ ചേര്‍ത്തവരുടേയുമടക്കം മൊത്തം എട്ടുകോടിയിലധികം രൂപയുമായാണ് ചന്ദ്രഗിരി ചിട്ടി ഉടമകള്‍ മുങ്ങിയത്. 

പണം നഷ്ടമായവര്‍ നല്‍കിയ പരാതിയില്‍ ചിട്ടി ഉടമകളായ ഉണ്ണി കൃഷ്ണന്‍ കുളങ്ങര, രജിത് പെരുമ്പള, ദീപേഷ് മേല്‍പറമ്പ്, നികേഷ് പാലക്കുന്ന് എന്നിവര്‍ക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ നിലവിലുള്ളത്. കാസര്‍കോട്, ബേക്കല്‍, മേല്‍പറമ്പ്, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്. ജില്ലയിലെ പലഭാഗങ്ങളിലായി മുന്നൂറോളം പേരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ 35പേര്‍ കൂട്ടായ്മ രൂപീകരിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ചന്ദ്രഗിരി ചിട്ടി ഉടമകള്‍ നിക്ഷേപകരെ ആകര്ഷിച്ചിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. 

തട്ടിപ്പിനിരയായവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കാസര്‍കോട്ടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. പണമിടപാടിനായി ഉടമകളുണ്ടാക്കിയ രേഖകളെല്ലാം വ്യാജമാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പണം നഷ്ടമായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: