Saturday, 3 August 2019

കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎ മയക്കുമരുന്നും ബുള്ളറ്റുകള്‍ നിറച്ച പിസ്റ്റളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

ബേക്കല്‍: പിസ്റ്റളും എം ഡി എം എ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. നിരവധി കേസുകളിലെ പ്രതി അടക്കം രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. കോഴിക്കോട് വെള്ളിമാടം സ്വദേശിയും ബംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷക്കീബി(21)നെയാണ് ബേക്കല്‍ സി ഐ സി നാരായണന്‍, എസ് ഐ പി അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി തൃക്കണ്ണാട് ബേക്കല്‍ ഫിഷറീസ് ജി യു പി സ്‌കൂളിനു സമീപം വച്ചായിരുന്നു സംഭവം. ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് പോലീസിനെ കണ്ട് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഷക്കീബിനെ പോലീസ് പിടികൂടി. തുടര്‍ന്നുള്ള കാര്‍ പരിശോധനയില്‍ 19 ഗ്രാം എംഡിഎംഎ മയക്കുമരുന്നും നാലു ബുള്ളറ്റുകള്‍ നിറച്ച പിസ്റ്റളും കണ്ടെത്തി. കണ്ടെടുത്ത സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിലെ പ്രതിയായ ബേക്കലിയിലെ കത്തി അഷ്‌റഫും മറ്റൊരു യുവാവും ആണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇറ്റാലിയന്‍ നിര്‍മ്മിത പിസ്റ്റള്‍ ആണ് പിടിച്ചെടുത്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, പ്രകാശന്‍, രാജന്‍, ഡ്രൈവര്‍ ഗണേശന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



SHARE THIS

Author:

0 التعليقات: