മുത്വലാഖ് ഇനിമുതല്‍ ക്രിമിനല്‍ കുറ്റം; പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: രാജ്യസഭ കഴിഞ്ഞ ദിവസം പാസാക്കിയ മുത്വലാഖ് ബില്ലില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നത് മൂന്നുവര്‍ഷം തടവും പിഴയും വരെ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാവുന്ന നിയമം രാജ്യത്ത് നിലവില്‍വന്നു. 

നേരത്തേ ഓര്‍ഡിനന്‍സായി നടപ്പാക്കിയ നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകാരത്തോടെ സ്ഥിരം നിയമമായത്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍വന്നത്.

പ്രതിപക്ഷം ചിതറിപ്പോയ രാജ്യസഭയില്‍ മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്ല് സര്‍ക്കാരിന് പാസാക്കിയെടുക്കാനായി. 84നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്വലാഖ് ചൊല്ലിയാല്‍ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ 84നെതിരേ 100 വോട്ടിന് തള്ളിക്കളയുകയം ചെയ്തിരുന്നു.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ മുസ്ലിം പുരുഷന് മൂന്നുവര്‍ഷം തടവോ പിഴയോ ലഭിക്കും, സ്ത്രീയുടെ പരാതിയില്‍ തന്നെ പോലീസ് ഓഫീസര്‍ക്ക് പുരുഷനെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം, ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ രക്തബന്ധത്താലോ വിവാഹബന്ധത്തിലൂടെയോ അവരുടെ ബന്ധുവായവര്‍ക്കോ പരാതി നല്‍കാം, 

പുരുഷന് സ്ത്രീയുടെ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യംലഭിക്കൂ അതും വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം, സ്ത്രീയുടെ അപേക്ഷയില്‍ കേസില്‍ അനുരഞ്ജനമാവാം, മാനദണ്ഡങ്ങള്‍ മജിസ്ട്രേറ്റിനു തീരുമാനിക്കാം, സ്ത്രീക്കും കുട്ടികള്‍ക്കും ജയിലില്‍ കിയക്കുന്ന പുരുഷന്‍ ചെലവിന് നല്‍കണം, ചെലവിന്റെ തുക എത്രയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം തുടങ്ങിയവയാണ് ബില്ലിലെ വകുപ്പുകള്‍.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍