Thursday, 29 August 2019

ഓണത്തിന് പഴം-പച്ചക്കറി കാസര്‍കോട് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ തുടങ്ങും

കാസര്‍കോട്: ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കാന്‍ ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ഓണക്കാലത്ത് പഴം പച്ചക്കറികള്‍ അമിതവില ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാറിന്റെ വിപണി ഇടപെടലിന്റെ ഭാഗമായാണ് വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. 

കര്‍ഷകരില്‍ നിന്ന് ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി കൂടിയ വിലക്ക് വില്‍ക്കുന്നത് ഒരു പരിധി വരെ തടയാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും സാധിക്കും.

ജില്ലയില്‍ വിപണനം നാലുദിവസമാണ്.കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ തുടങ്ങുന്ന ഓണ വിപണനം സെപ്റ്റംബര്‍ 7 മുതല്‍ 10 വരെയാണ്. ജില്ലയില്‍ കൃഷി വകുപ്പിന്റെ 57, കുടുംബശ്രീ 42, വിഎഫ്പിസികെയുടെ 7 വിപണന കേന്ദ്രങ്ങളുമാണ് ആരംഭിക്കുന്നത്. 

നൂറു രൂപ വിലയുള്ള പച്ചക്കറി കിറ്റില്‍ ഒരു വീട്ടിലേക്ക് ആവശ്യമുള്ള അത്യാവശ്യ പച്ചക്കറികള്‍ ലഭിക്കും. വിഷരഹിത പച്ചക്കറികള്‍ കൂടാതെ മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, ശുദ്ധമായ തേന്‍ എന്നിവയും കിട്ടും. പൂര്‍ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.


SHARE THIS

Author:

0 التعليقات: