Wednesday, 25 September 2019

ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാറപകടം; മലയാളിയായ ഒമ്പതു വയസ്സുകാരന്‍ മരിച്ചു

റിയാദ്: സന്ദര്‍ശക വിസയില്‍ എത്തിയ മലയാളിയായ ഒമ്പതു വയസ്സുകാരന്‍ സൗദിയില്‍ കാറപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാട്ടുമ്പുറം പുളിമാത്ത് രജിത മന്‍സിലില്‍ മന്‍സൂര്‍ മുഹമ്മദ് നൂഹിന്റെ മകന്‍ ഫാരിസ് മന്‍സൂര്‍ (9) ആണ് മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യയില്‍ കാര്‍ മറിഞ്ഞായിരുന്നു അപകടം.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഉംറ നിര്‍വഹിച്ച് തിരിച്ചു വരുന്നതിനിടെ കുടംബം സഞ്ചരിച്ച കാര്‍ ഗട്ടറില്‍ വീഴാതിരിക്കാന്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം.

മാതാവ് രജിത അബ്ദുല്‍ കരീം മുനീറക്കും വാഹനമോടിച്ച കുടുംബ സുഹൃത്ത് ഭീമാപള്ളി സ്വദേശി മുഹമ്മദ് നായിഫിനും പരിക്കേറ്റു.
ഫാരിസ് മന്‍സൂറിന്റെ സഹോദരന്‍ മുഹമ്മദ് അഫീഫും ഇവരോടൊപ്പമുണ്ടായിരുന്നു. ഫാരിസ് മന്‍സൂറിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കും.


SHARE THIS

Author:

0 التعليقات: