Thursday, 5 September 2019

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതല്ല; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും ശശി തരൂര്‍

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തും നിലനില്‍ക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എന്നാല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രീതി ഭരണഘടനക്ക് യോജിച്ചതല്ല എന്നതില്‍ സംശയമില്ലെന്നും തരൂര്‍ പറഞ്ഞു.

പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പരാമര്‍ശം തരൂര്‍ നടത്തിയത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിശ്വാസം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തിലായിരിക്കണം രാമക്ഷേത്രം നിര്‍മിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു.

'ആര്‍ട്ടിക്കിള്‍ 370 എല്ലാകാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370 എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും'- തരൂര്‍ പറഞ്ഞു.

ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേതരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

'ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ മാനിക്കേണ്ടതുണ്ടെന്ന് ഞാന്‍ എല്ലായിപ്പോഴും കരുതിയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സംഭവസ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് രാമക്ഷേത്രം ആണെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണ്.

പരസ്പര സ്വീകാര്യമായ ഇത്തരമൊരു പരിഹാരത്തില്‍ എങ്ങനെ എത്തിച്ചേരാം എന്ന ചോദ്യം നിര്‍ഭാഗ്യവശാല്‍ അക്രമത്തിലെത്തുകയും പള്ളി തകര്‍ക്കപ്പെടുകയും ചെയ്തു. അത് ഇന്ത്യയുടെ മനസാക്ഷിയെ കളങ്കപ്പെടുത്തുന്നതായിരുന്നു. ഇപ്പോള്‍ കാര്യം കോടതിയുടെ മുമ്പിലാണ്.' തരൂര്‍ പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ തരൂരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നരേന്ദ്ര മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നുമായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.


SHARE THIS

Author:

0 التعليقات: