Tuesday, 24 September 2019

അബ്ദുല്ലക്കുട്ടിയെ ബിജെപി പരിഗണിച്ചില്ല; മഞ്ചേശ്വരത്ത് കൃഷ്ണദാസോ രവീശതന്ത്രിയോ സ്ഥാനാര്‍ഥിയാവും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വിജയസാധ്യതയുണ്ടെന്നു ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിനെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മത്സരിച്ച രവീശ തന്ത്രിയെയും. 

അടുത്തിടെ ബിജെപിയില്‍ എത്തിയ എപി അബ്ദുല്ലക്കുട്ടി സ്ഥാനാര്‍ഥിയാവുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി അദ്ദേഹത്തിന്റെ പേര് പരിഗണിച്ചതേയില്ല.

കെ സുരേന്ദ്രന്‍ പിബി അബ്ദുല്‍ റസാക്കിനോട് കഴിഞ്ഞ തവണ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രവീശതന്ത്രി രാജ്മോഹന്‍ ഉണ്ണിത്താനോട് പതിനൊന്നായിരത്തിലേറെ വോട്ടിനു പിന്നില്‍പ്പോയി. എന്നിട്ടും രവീശതന്ത്രിയെ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ഥികളായി പരിഗണിക്കാവുന്ന മൂന്നു പേരുകളാണ് സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുപ്പു സമിതിക്കു നല്‍കുക. ഇതില്‍ മഞ്ചേശ്വരത്ത് ആദ്യ പേരായി പികെ കൃഷ്ണദാസിനെയും രണ്ടാമതായി രവീശതന്ത്രിയെയും നിര്‍ദേശിക്കാനാണ് ധാരണ. 

മൂന്നാം പേരായി ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനെയും ഉള്‍പ്പെടുത്തും. കോര്‍ കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്ലക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നിട്ടില്ലെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള ധാരണ. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെയും ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെയും പേരുകള്‍ ചര്‍ച്ചയായെങ്കിലും കുമ്മനത്തിന്റെ പേരില്‍ ഏകാഭിപ്രായമാണുള്ളത്.

കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെയും കെ സുരേന്ദ്രന്റെയും പേരുകളാണ് പട്ടികയില്‍ ഉണ്ടാവുക. ശോഭാ സുരേന്ദ്രനാണ് ഇവിടെ സാധ്യത കൂടുതലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മണ്ഡലത്തില്‍ ശബരിമല ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി ഇരുവരെയും പരിഗണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഉയര്‍ത്തിക്കാട്ടി പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു പോയതു കണക്കിലെടുത്താണ്, ഇവിടെ ശോഭാ സുരേന്ദ്രനെ ഒന്നാമതായി പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

SHARE THIS

Author:

0 التعليقات: