Tuesday, 3 September 2019

വധുവിന് ക്രിസ്ത്യന്‍ പേര്; ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്ട്രേഷന്‍ നടന്നില്ല

തൃശൂര്‍: വിവാഹരജിസ്ട്രേഷനെത്തിയ നവദമ്പതിമാര്‍ക്ക് പാരയായി വധുവിന്റെ പേര്. ഗുരുവായൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥന് വധുവിന്റെ പേരില്‍ തോന്നിയ ആശയക്കുഴപ്പമാണ് വിവാഹം രജിസ്ട്രേഷനില്‍ വില്ലനായത്. വധുവിന്റെ മാതാപിതാക്കളുടെ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകളുടെ ക്രിസ്ത്യന്‍ പേര് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വിവാഹ രജിസ്ട്രേഷന്‍ തടഞ്ഞത്.

ആഗസ്റ്റ് 24ന് ഗുരുവായൂര്‍ ക്ഷേത്രസന്നിദ്ധിയില്‍ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്പതിമാരുടെ രജിസ്ട്രേഷനാണ് കഴിഞ്ഞ ദിവസം മുടങ്ങിയത്. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെയും അഭിഭാഷക ആനന്ദ കനകത്തിന്റെയും മകളാണ് വധു ക്രിസ്റ്റീന.
തിങ്കളാഴ്ച രാവിലെയാണ് നവദമ്പതിമാര്‍ വിവാഹരജിസ്ട്രേഷന് എത്തിയത്. രജിസ്ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. 

സര്‍ട്ടിഫിക്കറ്റില്‍ വധുവിന്റെ മുഴുവന്‍ പേര് ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കില്‍ രജിസ്ട്രേഷന്‍ മാറ്റി വെക്കാനുളള വിവേചനാധികാരം തനിക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം.

ഇവരുടെ വിവാഹത്തിന് സാക്ഷിയായി എത്തിയതും പ്രമുഖരാണ്. ഗുരുവായൂരിലെ സംസ്‌കാരിക പ്രവര്‍ത്തകന്‍ വേണു എടക്കഴിയൂര്‍, നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി.ചന്ദ്രന്‍ നല്‍കിയ ഡിക്ലറേഷന്‍ കത്തുമുണ്ടായിരുന്നു. ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ പരിഗണിക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന്‍ അപേക്ഷ നിരസിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: