Friday, 6 September 2019

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐ.ക്ക് മികച്ച വിജയം

കാസര്‍കോട്: ജില്ലയിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ.ക്ക് മികച്ച  വിജയം. കാസര്‍കോട് ഗവ. കോളേജ് അടക്കം തിരഞ്ഞെടുപ്പ് നടന്ന എല്ലാ ഗവ. കോളേജുകളിലും എസ്.എഫ്.ഐ. വിജയിച്ചു. 

സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 25 കോളേജുകളില്‍ എസ്.എഫ്.ഐ. 16 ഇടത്തും കെ.എസ്.യു. തനിച്ച് ഒരിടത്തും എം.എസ്.എഫ്.
കെ.എസ്.യു. സഖ്യം ഒരിടത്തും വിജയിച്ചു. നാലിടത്ത് എം.എസ്.എഫും രണ്ടിടത്ത് എ.ബി.വി.പി.യും തനിച്ച് വിജയം നേടി.

എളേരിത്തട്ട് ഇ.കെ. നായനാര്‍ ഗവ. കോളേജ് അടക്കം ആറിടത്ത് എസ്.എഫ്.ഐ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 18 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ എസ്.എഫ് ഐ നേടി.

മഞ്ചേശ്വരം ഗവ. കോളേജ് എ.ബി.വി.പി.യില്‍നിന്ന് പിടിച്ചെടുത്തപ്പോള്‍ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യം ബഹിഷ്‌കരിച്ച കാസര്‍കോട് ഗവ. കോളേജില്‍ എ.ബി.വി.പി.യെ തോല്പിച്ച് അവര്‍ വിജയം കൊയ്തു. കഴിഞ്ഞ തവണ സഖ്യം വിജയിച്ച കോളേജാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എ.കെ.അഭിജിത്തിന് യോഗ്യതയില്ലെന്നും പത്രിക
സ്വീകരിക്കരുതെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് സഖ്യം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്.

എസ്.എഫ്.ഐ.യുടെ കുത്തകയായിരുന്ന പടന്നക്കാട് നെഹ്രു കോളേജില്‍ ഇത്തവണ വൈസ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എസ്.യു.വിന്റെ എസ്.ആതിര ഏഴു വോട്ടിന് വിജയിച്ചു. റീക്കൗണ്ടിങ് നടന്നിട്ടും ഫലം മാറിയില്ല. മറ്റ് എട്ടുസീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ട്. 

ചെറുവത്തൂര്‍ ഐ.എച്ച്.ആര്‍.ഡി., മടിക്കൈ ഐ.എച്ച്.ആര്‍.ഡി., നീലേശ്വരം സനാതന, പാലാത്തടം കാമ്പസ്, കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി
എന്നിവയാണ് എസ്.എഫ്.ഐ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍. ഉദുമ ഗവ. കോളേജ്, രാജപുരം സെയ്ന്റ് പയസ് ടെന്‍ത്, മുന്നാട് പീപ്പിള്‍സ് തുടങ്ങിയ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും അവര്‍ വിജയിച്ചു. പടന്ന ഷറഫ് കോളേജ്, തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ്. എതിരില്ലാതെ വിജിയിച്ചു..


SHARE THIS

Author:

0 التعليقات: