Monday, 9 September 2019

ഉമ്മയെ കാണാന്‍ അനുമതി ചോദിച്ചുള്ള സക്കറിയയുടെ ഹരജി തള്ളി

ബെംഗലൂരു: അസുഖബാധിതയായ ഉമ്മയെ കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗലൂരു സ്‌ഫോടനക്കേസിലെ വിചാരണത്തടവുകാരനായ മുഹമ്മദ് സക്കറിയ നല്‍കിയ ഹരജി ബെംഗലൂരുവിലെ പ്രത്യേക കോടതി തള്ളി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സക്കറിയ, 2008-ല്‍ നടന്ന ബെംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ്. 10 വര്‍ഷത്തിലേറെയായി വിചാരണത്തടവുകാരനായി കഴിയുകയാണ്.

കേരളത്തിലേക്കും തിരിച്ചും സക്കറിയക്ക് അകമ്പടിയേകാന്‍ പൊലീസുകാരെ ഈ സാഹചര്യത്തില്‍ അനുവദിക്കാനാവില്ലെന്നും അതിനാല്‍ ജാമ്യം നല്‍കാന്‍ ആവില്ലെന്നും പ്രത്യേക കോടതി വിചാരണ ജഡ്ജി സദാശിവ എസ്. സുല്‍ത്താന്‍പുരി പറഞ്ഞു.

മാതാവ് കെ. ബിയ്യുമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ചുദിവസത്തെ അനുമതി തേടിയാണ് സക്കറിയ ജാമ്യഹരജി നല്‍കിയത്.

ബെംഗലൂരു നഗരത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസുകാരെ മുഴുവന്‍ നഗരത്തിലെ ക്രമസമാധാന പാലനത്തിന് നിയോഗിച്ചതിനാല്‍ പ്രതിയുടെ സുരക്ഷയ്ക്കായി പൊലീസുകാരെ അകമ്പടിയായി അയക്കാനാവില്ല.
കേസിന്റെ വിചാരണാ വേളയില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് വിചാരണ തടസ്സപ്പെടുത്താനിടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.


SHARE THIS

Author:

0 التعليقات: