Saturday, 7 September 2019

ചാന്ദ്രയാന്‍ 2 : ദൗത്യം അവസാന നിമിഷം പാളി; ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനുള്ള ഐഎസ്ആര്‍ഒ ദൗത്യം അവസാന നിമിഷം പാളി. പ്രതലത്തില്‍ നിന്ന് 2.1 കിലോമീറ്ററിനു മുകളില്‍ എത്തിയപ്പോള്‍ വിക്രം ലാന്ററും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലയ്ക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ ഇത് സ്ഥിരീകരിച്ചു. 

ഡാറ്റകള്‍ പരിശോധിച്ച ശേഷം കാരണങ്ങള്‍ പഠിക്കുമെന്നും അദ്ദേഹം അറിയിച്ചു.എന്നാല്‍ ചാന്ദ്രയാന്‍--2   ദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്റര്‍ ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കുകയാണ്. എട്ട് ഉപകരണങ്ങളുള്ള ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തിലേറെ പ്രവര്‍ത്തന  ശേഷിയുള്ളതാണ്.

ജൂലൈ 22 ന് നടന്ന വിക്ഷേപണത്തിന് ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചന്ദ്രന്റെ മുപ്പത് കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.36 നാണ് ലാന്ററിനെ ചാന്ദ്ര പ്രതലത്തിേ്‌ലക്ക് തൊടുത്തത്.  പത്ത് മിനിട്ടിനുള്ളില്‍ 6.4 കിലോമീറ്ററിലേക്ക് ലാന്റര്‍ എത്തി. ഇതിനിടെ പേടകത്തെ എതിര്‍ ദിശയില്‍ തിരിച്ച് അഞ്ച് ദ്രവ എഞ്ചിനുകള്‍ ജ്വലിപ്പിച്ച് വേഗത നിയന്ത്രിച്ചിരുന്നു. പ്രത്യേക രൂപ കല്‍പന ചെയ്ത ബ്രേക്കിങ് സംവിധാനം  കൃത്യതയോടെ പ്രവര്‍ത്തിച്ചു. പതിനൊന്നു മിനി്ട്ട് കഴിഞ്ഞതോടെയാണ് വിക്രം ലാന്ററുമായുള്ള ആശയ വിനിമയം നഷ്ടമായത്. ഇതോടെ ബംഗളൂരുവിലെ പീനിയ ഇസ്ട്രാക്ക് മിഷന്‍ കോംപ്ലക്സില്‍ നിരാശ പടര്‍ന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പതിനഞ്ച് മിനിട്ട് കൂടി കാത്തു നിന്നു. എന്നാല്‍ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം  പരാജയപ്പെട്ടതോടെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം ലാന്റര്‍ ദിശമാറിയതായാണ് നിഗമനം. അങ്ങനെ എങ്കില്‍ വിക്രം ലാന്റര്‍ ചാന്ദ്ര പ്രതലത്തില്‍ ഇടിച്ചിറങ്ങാനുള്ള സാധ്യതയുണ്ട്.

ഇതുവരെ കൈവരിച്ചത് ചെറിയ കാര്യമല്ലെന്നും നിരാശരാകരുതെന്നും ഇസ്ട്രാക് കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി  നരേന്ദ്രമോഡി  ശാസ്ത്രജ്ഞരോട് പറഞ്ഞു.


SHARE THIS

Author:

0 التعليقات: