Monday, 2 September 2019

കണ്ണൂര്‍ കോര്‍പ്പറേഷന്‍; പി.കെ. രാഗേഷിനെതിരെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 28 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് എല്‍.ഡി.എഫിന്റെ 26 വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. രാവിലെ ജില്ല കലക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിലായിരിുന്നു അവിശ്വാസ പ്രമേയം പരിഗണിച്ചത്.

ആഗസ്റ്റ് 17ന് യു.ഡി.എഫ് അവിശ്വാസത്തിലൂടെ മേയര്‍ സ്ഥാനത്തു നിന്ന് സി.പി.എമ്മിലെ ഇ.പി. ലതയെ പുറത്താക്കിയിരുന്നു. നാലുവര്‍ഷത്തോളമായി എല്‍.ഡി.എഫിനൊപ്പം നിന്ന, കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ. രാഗേഷ് യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു ഇ.പി. ലതക്ക് മേയര്‍ സ്ഥാനം നഷ്ടമായത്.
ഇതിനുള്ള തിരിച്ചടിയെന്ന നിലയിലാണ് എല്‍.ഡി.എഫ് ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിനെതിരെ ജില്ല കലക്ടര്‍ക്ക് അവിശ്വാസപ്രമേയം നല്‍കിയത്. 

55 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് 26 ഉം യു.ഡി.എഫിന് 28 ഉം അംഗങ്ങളാണുള്ളത്. സി.പി.എമ്മിലെ ഒരംഗം മരിച്ചതോടെയാണ് അവരുടെ അംഗബലം 26 ആയി കുറഞ്ഞത്.




SHARE THIS

Author:

0 التعليقات: