Tuesday, 17 September 2019

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച സംഭവം; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാഞ്ഞങ്ങാട്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. ചിറ്റാരിക്കാല്‍, അതിരുമാവിലെ വിദ്യാര്‍ത്ഥിയാണ് എസ്.ഐ കെ. പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിലേക്ക് റോഡ് ഇല്ലാത്തതിനാലാണ് ബൈക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നത്. കത്തിനശിച്ച ബൈക്കിന് സമീപത്തുനിന്നും ലഭിച്ച കന്നാസും പൈപ്പും ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. 

സഹോദരങ്ങളെ കാണാനായി പ്രതിയുടെ അച്ഛന്‍ പോയ സമയത്ത് ബൈക്കുമായി പ്രതി ചുറ്റിക്കറങ്ങുകയും പെട്രോള്‍ തീരുകയും വിവരം അച്ഛന്‍ അറിയാതിരിക്കാനായുള്ള പദ്ധതിയാണ് ബൈക്ക് കത്തലില്‍ കലാശിച്ചത്. രാജേഷിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റാനായിരുന്നു പദ്ധതി. അതിനായി ബന്ധുവിന്റെ ഓട്ടോയില്‍ നിന്നും കന്നാസും പൈപ്പും കൈക്കലാക്കിയ ശേഷം സ്ഥലത്തെത്തി എണ്ണ ഊറ്റുന്നത് ആരംഭിക്കുകയും ചെയ്തു. പെട്രോള്‍ വീഴുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സിഗര്‍ ലൈറ്റ് തെളിച്ചപ്പോഴാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തെന്നിമാറിയതിനാല്‍ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റില്ല



SHARE THIS

Author:

0 التعليقات: