Tuesday, 24 September 2019

നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി അക്രമം; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂഡ്ലുവിലെ സന്തോഷി(20)നെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. മെല്‍വിന്‍ അറസ്റ്റ് ചെയ്തത്. 

സംഭവത്തില്‍ കൊലപാതകമടക്കമുള്ള നിരവധി കേസിലെ പ്രതി ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

 ഉളിയത്തടുക്കയില്‍ വെച്ച് നുള്ളിപ്പാടി ജെ.പി. നഗറിലെ പവന്‍, സച്ചിന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആസ്പത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ മഹേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആസ്പത്രിയില്‍ എത്തുകയും തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തുകയായിരുന്നു. സംഘം ഡോക്ടറുടെ കാബിന്‍ തകര്‍ക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തതോടെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തിയതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. 

ആസ്പത്രിയില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ പരിശോധിച്ച പൊലീസ് അക്രമി സംഘത്തെ തിരിച്ചറിയുകയായിരുന്നു.
ആസ്പത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.


SHARE THIS

Author:

0 التعليقات: