Sunday, 8 September 2019

മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനക്ക് കൊണ്ടുവരികയായിരുന്ന ലഹരിമരുന്നുമായി രണ്ടു പേര്‍ പിടിയില്‍

കാസര്‍കോട്: ലഹരി മരുന്നുമായി കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍. കാസര്‍കോട് ആലംപാടി അസീബ മന്‍സിലിലെ വി. ഖന്‍സുല്‍ ഹഖ്(22), കണ്ണൂര്‍ മുഴുപ്പിലങ്ങാട് തൗഫീഖ് മന്‍സിലിലെ സി.വി. റുഹൈബ്(29) എന്നിവരെയാണ്  കുണ്ടാറില്‍ എക്‌സൈസ് സംഘം  പിടികൂടിയത്. 

18 ഗ്രാം എംഡിഎംഎയും 20 നിട്രാസെപാം ഗുളികകളും പിടിച്ചെടുത്തു. എംഡിഎംഎയ്ക്ക് ഗ്രാമിനു ഏകദേശം 6000ത്തിലേറെ രൂപ വിലയുണ്ട്. 

കുണ്ടാറില്‍ ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. കാറിലെത്തിയ ഇവരെ കണ്ട് സംശയം തോന്നിയാണ് എക്‌സൈസ് ദേഹപരിശോധന നടത്തിയത്. പാന്റ്‌സിന്റെ കീശയില്‍ നിന്നാണ് പ്ലാസ്റ്റിക് കവറിലാക്കിയ ലഹരി മരുന്നുകള്‍ പിടികൂടിയത്.

മൈസൂരുവില്‍ നിന്ന് ഇവ വാങ്ങി കാസര്‍കോട്ടേക്ക് വില്‍പനയ്ക്കു കൊണ്ടുവരികയായിരുന്നു പ്രതികളെന്നാണ് വിവരം. ചെര്‍ക്കളയില്‍ നിന്നു വാടകയ്‌ക്കെടുത്ത കാറാണ് പ്രതികള്‍ ഉപയോഗിച്ചത്. ജില്ലയില്‍ എക്‌സൈസ് ആദ്യമായാണ് ഇത്ര അളവില്‍ എംഡിഎംഎ പിടിച്ചെടുക്കുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍മാരായ വി. ബാബു,വി. സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.കെ.വി. സുരേഷ്, പ്രഭാകരന്‍, സജിത്ത്,പ്രജീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: