Sunday, 8 September 2019

കാറഡുക്കയില്‍ വീണ്ടും മരം വാഹനത്തിലേക്ക് പൊട്ടിവീണ് അപകടം; മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മുള്ളേരിയ:  സംസ്ഥാനാന്തര പാതയിലെ കാറഡുക്ക പെരിയടുക്കയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് കാറഡുക്കയില്‍ വീണ്ടും മരം വീണ് അപകടം. ആദൂരില്‍ നിര്‍ത്തിയിട്ട ജീപ്പിനു മുകളിലേക്ക് മരം വീണ് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗാളിമുഖ ഗോളിത്തടിയിലെ ജി.എം. അബ്ദുല്ലക്കുഞ്ഞിയുടെ ജീപ്പിനു മുകളിലാണ് മരം വീണത്.

ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറ്റില്‍ കൂറ്റന്‍ തേക്ക് പൊട്ടി വീണത്. അബ്ദുല്ലക്കുഞ്ഞിയാണ് ജീപ്പ് ഓടിച്ചിരുന്നത്. മുന്‍ സീറ്റില്‍ ഭാര്യ നഫീസയും കൊച്ചുമകന്‍ 3 വയസ്സുള്ള മുഹമ്മദ് സമാഫും ഒപ്പം ഉണ്ടായിരുന്നു. ജീപ്പിന്റെ ചില്ല് തകര്‍ന്നു അബ്ദുല്ലയ്ക്കു മുറിവു പറ്റുകയും ചെയ്തു. നാട്ടുകാരും ആദൂര്‍ പൊലീസും എത്തിയാണ് മരം മുറിച്ചു നീക്കിയത്. കഴിഞ്ഞ ബുധനാഴ്ച മരം വീണ് അപകടമുണ്ടായ പെരിയടുക്കയില്‍ നിന്നു 3 കിലോമീറ്റര്‍ അകലെയാണ് ഇന്നലെ അപകടമുണ്ടായത്.


SHARE THIS

Author:

0 التعليقات: