Sunday, 15 September 2019

കെ.എസ്.ഇ.ബി.യില്‍നിന്ന് ഇനി ഇന്റര്‍നെറ്റ് കണക്ഷനും; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം

പത്തനംതിട്ട: സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്ന് വൈദ്യുതി കണക്ഷനു പുറമേ ഇനി ഇന്റര്‍നെറ്റ് കണക്ഷനും. ആറുമാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെ എസ് ഇ ബി.


കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) എന്ന പേരില്‍ സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോര്‍ഡും സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ വിപുലമായ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇ-ഗവേണന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.


കെ-ഫോണ്‍ തയ്യാറാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ഓഫീസുകളും ഈ നെറ്റ്വര്‍ക്കിലേക്ക് മാറും. ഒപ്പം എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. പുതിയ വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കും.


വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ മുഴുവന്‍ 220 കെ.വി.സബ്സ്റ്റേഷനുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചു. 110 കെ.വി, 66 കെ.വി. സബ്സ്റ്റേഷനുകള്‍ കൂടി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. 770 സെക്ഷന്‍ ഓഫീസുകളിലും ഒ.എഫ്.സി. കണക്ഷനുകള്‍ എത്തിക്കുന്നതോടെ വൈദ്യുതിലൈനുകള്‍ ഉപയോഗപ്പെടുത്തി എഫ്.സി. കേബിളുകള്‍ എളുപ്പത്തിലെത്തിക്കാനാകും.


2016-ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ചില സാങ്കേതികതടസ്സങ്ങള്‍ പദ്ധതി വൈകിച്ചു. വൈദ്യുതിബോര്‍ഡ് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് കെ.എസ്.ഇ.ബി. കെ-ഫോണ്‍ 
വിതരണശൃംഖല സജ്ജമാക്കുക. ഇത് സാമ്പത്തികബാധ്യത കുറയ്ക്കും. കണക്ഷനുകള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും സാങ്കേതികസഹായം നല്‍കുന്നതും സംസ്ഥാന ഐ.ടി. മിഷനാകും.

SHARE THIS

Author:

0 التعليقات: