Monday, 9 September 2019

വ്യാജ നമ്പര്‍ പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് പിടികൂടി

കുമ്പള: വ്യാജ നമ്പര്‍ പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് അമിത വേഗത്തിലോടിച്ച കാര്‍ അഞ്ചോളം വാഹനങ്ങളിലിടിച്ചു. 

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കുമ്പള എസ്.ഐ എ. സന്തോഷ് കുമാറും സംഘവും രഹസ്യവിവരത്തെ തുടര്‍ന്ന് ബന്തിയോട് ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാര്‍ പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നു. അതിനിടെ കാര്‍ ആരിക്കാടിയിലും പരിസരങ്ങളിലുമായി അഞ്ചോളം വാഹനങ്ങളിലിടിച്ചു. കാര്‍ പിടിക്കാന്‍ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. പൊലീസ് പിന്തുടരുന്നതിനിടെ ബംബ്രാണ ബായിക്കട്ട ക്ഷേത്രത്തിന് സമീപം കാര്‍ ഉപേക്ഷിച്ച് അതിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കെ.എല്‍ 14 ക്യൂ 4836 എന്ന നമ്പറായിരുന്നു കാറില്‍ പതിച്ചിരുന്നത്. നവീന്‍ ഷെട്ടി എന്നയാളാണ് മദ്യം കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അന്വേഷിച്ചുവരികയാണ്.

31 ബോക്സുകളിലാക്കി സൂക്ഷിച്ച 1772 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യമാണ് പിടിച്ചത്. ക്രൈം സ്‌ക്വാഡ് എസ്.ഐ ഇ. രത്നാകരന്‍ പെരുമ്പള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിലാല്‍, രാജീവന്‍, ദിനേശന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.


SHARE THIS

Author:

0 التعليقات: