Wednesday, 25 September 2019

മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് ആരവം ഉയര്‍ന്നതിന് പിന്നാലെ ചര്‍ച്ചിന് നേരെയുണ്ടായ കല്ലേറ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കുണ്ടുകൊളക്കെ അവര്‍ ലേഡി ഓഫ് മേഴ്‌സി ചര്‍ച്ച് നേരെയുണ്ടായ ആക്രമണ കേസാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. 

24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി സംഭവത്തിനുശേഷം പള്ളിയിലെത്തി ഭാരവാഹികള്‍ക്ക് ഉറപ്പു കൊടുത്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് എസ് പി ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പറയുന്നു. 

ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് ആസ്ഥാനത്ത് ലഭിച്ചു. കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെയാണ് ചര്‍ച്ചിന് നേരെ കല്ലേറുണ്ടായത്. മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ബേഡകം ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. 

സൈബര്‍സെല്ലിന് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നിരവധി പേരെ ചോദ്യംചെയ്യുകയും എന്നാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അക്രമം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

ഈ പ്രതിഷേധം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പള്ളി ഭാരവാഹികളും വൈദികരും അറിയിക്കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു കൊണ്ടുള്ള തീരുമാനമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ ജില്ലാ പോലീസ് ചീഫ് അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.


SHARE THIS

Author:

0 التعليقات: