Wednesday, 4 September 2019

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

മുള്ളേരിയ: കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. ആദൂര്‍ കുണ്ടാറിലെ സാജിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഫറു (26) എന്ന് വിളിക്കുന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ ചര്‍ച്ചിനും പള്ളിക്കുമിടയിലാണ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ വലിയ കാഞ്ഞിരമരം കടപുഴകി വീണത്.

ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ മരം മുറിക്കുന്നവരെയും ജെ സി ബിയും കൊണ്ടുവന്ന് ഒരു മണിക്കൂറിന് ശേഷം മരം മുറിച്ച് പുറത്തെടുക്കോമ്പോഴേക്കും സാജിദ് മരിച്ചിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും ആദൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ഇപ്പോള്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബോവിക്കാനം മുതല്‍ മുള്ളേരിയ വരെ അപകടകരമായ നിരവധി മരങ്ങളുള്ളതായും ഇവ മുറിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് റോഡ് തടയാനുള്ള ശ്രമം നാട്ടുകാര്‍ നടത്തുന്നുണ്ട്. പോലീസ് നാട്ടുകാരുമായി ചര്‍ച്ച നടത്തിവരികയാണ്. അപകടത്തെ തുടര്‍ന്ന് മാരുതി 800 കാര്‍ പൂര്‍ണമായും തകര്‍ന്നു.

കുണ്ടാറിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ് സാജിദ്. സഹോദരങ്ങള്‍: റിയാസ്, സമീറ.


SHARE THIS

Author:

0 التعليقات: