Wednesday, 18 September 2019

മതപരിവര്‍ത്തനത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എന്‍ജിഒകള്‍ക്ക് വിദേശത്തുനിന്നും ധനസഹായം ലഭിക്കുന്നതിനായി ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനത്തിന് വിചാരണ ചെയ്യപ്പെട്ടിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തണമെന്ന് കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് 2011ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയത്.

പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം വ്യക്തികള്‍ ഒരു ലക്ഷം രൂപ വരെയുള്ള പാരിതോഷികങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതില്ല. മുന്‍പ് 25,000 രൂപ വരെ ലഭിക്കുന്ന പാരിതോഷികങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. മാത്രമല്ല മതംമാറ്റം നടത്തി എന്ന കുറ്റത്തിനോ സാമുദായിക സംഘര്‍ഷം സൃഷ്ടിച്ചതിനോ സന്നദ്ധസംഘടനയിലെ പ്രവര്‍ത്തകരും ജീവനക്കാരും വിചാരണയോ ശിക്ഷയോ നേരിട്ടവര്‍ ആകാന്‍ പാടില്ല. മുന്‍പ് ഇത് പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്‍.ജി.ഒ ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും മാത്രമായിരുന്നു. മാത്രമല്ല വിദേശ ഫണ്ടുകള്‍ തിരിച്ചുവിടുന്നതിലോ, രാജ്യദ്രോഹം, അക്രമാസക്തമായ മാര്‍ഗങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിലോ ഇവര്‍ പങ്കെടുത്തിരിക്കാനും പാടില്ല. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനോട് പ്രഖ്യാപിക്കേണ്ടതാണ്.

എന്‍.ജി.ഒ അംഗങ്ങള്‍ വിദേശ സന്ദര്‍ശനം നടത്തുന്നതിനിടെ ചികിത്സാസംബന്ധമായ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ വിദേശത്ത് നിന്നും ലഭിച്ച ആതിഥ്യത്തെക്കുറിച്ച് സര്‍ക്കാരിനെ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതുകൂടാതെ വിദേശത്ത് നിന്നും എത്ര ഫണ്ട് ലഭിച്ചു, ഫണ്ടിന്റെ ഇന്ത്യന്‍ രൂപയിലെ മൂല്യം എത്ര, പണം എന്തിനായി ഉപയോഗിച്ചു എന്നീ കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ ഒരു മാസത്തിനുള്ളില്‍ തന്നെ അറിയിക്കണം.നേരത്തെ ഈ കാലയളവ് രണ്ട് മാസമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ രാജ്യത്തെ എന്‍ജിഒകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിയമങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയ 18,000 എന്‍.ജി.ഒകള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.


SHARE THIS

Author:

0 التعليقات: