ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കയുടെ സ്ഥിരീകരണം
വാഷിംഗ്ടണ്‍: പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈനിക നടപടിയില്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് അമേരിക്ക. അമേരിക്ക നടത്തിയ ആക്രമണത്തിലാണ് അല്‍ഖാഇദ നേതാവായ ഹംസ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ട്രംപിന്റേതായി വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. എന്നാല്‍ ഹംസ ബിന്‍ലാദന്റെ മരണത്തിന് കാരണമായ സൈനിക നടപടി എന്നാണ് നടന്നതെന്ന് വാര്‍ത്താക്കുറിപ്പിലില്ല. ഹംസയുടെ മരണം അല്‍ഖാഇദയെ ഇല്ലാതാക്കാന്‍ സഹായകരമാണെന്നും അദ്ദേഹം വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നെന്നും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറയുന്നു.

യു എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ജൂലൈ 31 അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2011 മേയ് രണ്ടിന് അബൊട്ടബാദില്‍ യു എസ് സൈന്യം നടത്തിയ ഓപറേഷനില്‍ ബിന്‍ലാദന്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസ. ഉസാമ ബിന്‍ലാദന്റെ പിന്‍ഗാമിയായാണ് അദ്ദേഹത്തെ അമേരിക്ക കാണുന്നത്. ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഹംസ അല്‍ഖാഇദയുടെ നേതൃത്വത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സഊദിക്കും പശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സഊദി റദ്ദാക്കിയിരുന്നു. ഹംസ എവിടെയുണ്ടെന്നു പറഞ്ഞുകൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ ഒരു മില്യണ്‍ ഡോളറാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍