Tuesday, 17 September 2019

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് കേസിലെ പ്രതിയായ നടന്‍ ദിലീപിന് നല്‍കുന്നതിനെ സുപ്രീംകോടതിയിലും എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍. നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നതാണ്. കേസിലെ തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്, അതിലെ ദൃശ്യങ്ങള്‍ രേഖകളാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് തനിയ്ക്ക് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാമെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് ഇരയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ വാദിച്ചു.

കോടതിയില്‍ നടിയും മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടു. കാലങ്ങള്‍ക്കു ശേഷമാണെങ്കില്‍പ്പോലും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തന്റെ പേര് പുറത്തുപോകാനിടയാക്കും. തന്റെ സ്വകാര്യതയും ലംഘിക്കപ്പെടും. മൗലികാവകാശമായ സ്വകാര്യത സംരക്ഷിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. 

ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പ്രതിയായ ദിലീപിന് നല്‍കരുതെന്നാവശ്യപ്പെട്ട് നടി മിനിഞ്ഞാന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. അത് തന്റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. അവസരം നല്‍കുകയാണെങ്കില്‍ അതെങ്ങനെയാണ് തന്നെ ബാധിക്കുകയെന്നത് കാര്യകാരണസഹിതം കോടതിയെ അറിയിക്കാന്‍ തയ്യാറാണെന്നും നടി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം ഒരു മുദ്ര വച്ച കവറില്‍ കോടതിയില്‍ നടി ചില രേഖകളും ഹാജരാക്കിയെന്നാണ് സൂചന. ജഡ്ജിമാരുടെ പരിഗണനയ്ക്ക് വേണ്ടി മാത്രമായാണ് ഈ രേഖകള്‍ സമര്‍പ്പിച്ചത്. 

ന്യായമായ വിചാരണ നടക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. തന്റെ സ്വകാര്യത ഹനിക്കപ്പെടാതെ, അതേസമയം, പ്രതിയ്ക്ക് ന്യായമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടുന്ന തരത്തില്‍ ഒരു നടപടിക്രമം രൂപീകരിക്കാന്‍ ഇടപെടണമെന്നാണ് സുപ്രീംകോടതിയോടുള്ള നടിയുടെ അപേക്ഷയില്‍ പറയുന്നത്. 


SHARE THIS

Author:

0 التعليقات: