Sunday, 1 September 2019

കുടുംബ ബന്ധം ആഘോഷമാക്കിയ പൊന്നുമ്മ

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
9400397681

ജ്യേഷ്ഠ സഹോദരങ്ങളായ അബൂബക്കറിനെയും അബ്ബാസിനെയും കൂട്ടിയാണ് ഉമ്മ ഒഡ്യയക്ക് പോയത്. കര്‍ണ്ണാടക രാജ്യത്താണ് ഒഡ്യ എന്ന സ്ഥലം.ആറളപ്പദവിനടുത്ത ഒഡ്യയിലാണ്    മൊയ്തു കാക്ക താമസിക്കുന്നത്.പൊന്നുമ്മാന്റെ ഉമ്മ ഖദീജമ്മയുടെ അനുജത്തി ഹവ്വമ്മാന്റെ മക്കളാണ് മുഹമ്മദ്, മൊയ്തുഞ്ഞി, യൂസുഫ്, ഹസൈനാര്‍ എന്നിവര്‍. രഞ്ചയിലെ ഇര്‍ദ്ദയിലാണ് ഇവരുടെ തറവാട്. തറവാടായ ഇര്‍ദ്ദയില്‍ നിന്നും ഒഡ്യയിലെക്ക് താമസം മാറി വന്നവരാണ് മൊയതുകാക്ക. ഇവരുടെ വീട്ടിലേക്ക് എളാമാനെ കാണാന്‍[ഉമ്മായുടെ ഉമ്മാന്റെ അനുജത്തി ഹവ്വമ്മ] ഇടയ്‌ക്കൊക്കൊ ഉമ്മ വരുമ്പോള്‍ കൂടെ കൊണ്ട് പോകുന്നത് എന്റെ ജ്യേഷഠ സഹോദങ്ങളായ അബൂബക്കറിനെയും അബ്ബാസിനെയുമാണ്.

കൊച്ചുമക്കളായ എന്നെയും കഞ്ചൂനെ[ഖദീജ]യും വീട്ടില്‍ ആക്കും.വീട്ടിലാണെങ്കില്‍ ഐസഞ്ഞായും പാത്തി[ ഫാത്വിമ]യും ഉണ്ടാകും.അവര്‍ക്കാണ് ഞങ്ങളുടെ നിയന്ത്രണ ചുമതല.

നടുക്കുന്നിലെ പഴയ വീട്ടിലാണ് അന്ന് താമസം. മുളി മേഞ്ഞ കൊച്ചു വീടായിരുന്നു അത്.മണ്ണ് കൊണ്ടുണ്ടാക്കിയ ചുമരും മുളി മേഞ്ഞ മേല്‍ക്കൂരയും കണ്ട് ആകാശം പോലും ചിരിച്ചിരിക്കും. ഭൂമിക്കും ആകാശത്തിനും ഇഷ്ടമായിരുന്നു ആ വീട്ടിനെ.

ബസ് കയറണമെങ്കില്‍  വീട്ടില്‍ നിന്നും കാല്‍ നടയായി പൊസോളിഗെ വരെ പോകണം. ഉമ്മാന്റെ കൂടെ പോകാന്‍ വാവിട്ട് കരയും.പൊസോളിഗെ വരെ ഉമ്മാന്റെ പിറകെ കരഞ്ഞ്  പോയാലും കൊണ്ട് പോകാനുള്ള സന്മനസ്സ് ഉമ്മക്ക് അല്ലാഹ് കൊടുക്കൂല. ചിലപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ മാതെര്‌ന്റെ വടി[ഒരു തരം കാട്ടുവള്ളി]കൈയ്യില്‍ പിടിച്ച് പേടിപ്പിക്കും.'അടങ്ങീറ്റ് ഇര്ക്ക് മുസ്ത, ബന്നങ്ക് അഡ്‌റ് [വടി] പൊടിയാവും'.ഉമ്മാന്റെ ഡയലോഗിന് മുമ്പില്‍ ചെറുതായി പേടിക്കുമെങ്കിലും ഐസഞ്ഞാന്റെ[പൊയില്‍ ഖാദറിന്റെ ഉമ്മ] പൊരെ വരെ നടക്കും.എന്ത്തന്നെ വന്നാലും ഉമ്മാന്റെ ഖല്‍ബ് അലിയൂല. കരച്ചില്‍ കണ്ടിട്ട് ഏതെങ്കിലും വഴി പോക്കര്‍ ഉമ്മയോട് കൂടെ കൂട്ടാന്‍ പറഞ്ഞാല്‍'യാ അല്ലാഹ്... ഓന്റെ പാര്‍ച്ചെ[കുരുത്തക്കേട്] സതിക്കാന്‍ കൈയ്യാലാ'ന്ന് പറഞ്ഞ് തടി സലാമത്താക്കും.

കുലുങ്ങാത്ത ഖല്‍ബും നനയാത്ത കണ്ണുമായി  ഉമ്മയും രണ്ട് മക്കളും ബസ് കയറും.പിന്നെ വീട്ടില്‍ എന്റെ ഭരണമായിരിക്കും.ഉമ്മയോടുള്ള അരിശം തീര്‍ക്കുന്നത് അനുജത്തി ഖദീജയോട്...

നേരം പോക്കിന് ടെലിവിഷന്‍ പോലും ഇല്ലാത്ത കാലം.വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന തെങ്ങില്‍ നിന്നും പൊണ്ടം[ഇളനീര്‍] പറിച്ച് കുടിക്കും.ഏതെങ്കിലും തങ്ങളോ ഉസ്താദോ അതിഥികളായി വന്നാല്‍ കുടിക്കാന്‍ കൊടുത്തിരുന്നത് ഇളനീര്‍ ആണ്. അതിന് പ്രത്യേക തെങ്ങ് തന്നെ വീട്ടില്‍ ഉണ്ട്.' കുന്തിരി തെങ്ങ് എന്നാണ് അതിനെ വിളിച്ചിരുന്നത്.കരിമ്പില്‍ നീരിനേക്കാള്‍ മധുരമായിരുന്നു അതിന്. ഉപ്പക്ക് മാത്രമാണ് അതില്‍ കയറാന്‍ പെര്‍മിഷനുള്ളത്.ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് അമാനി ദര്‍സ് പഠിക്കാന്‍ പോയത് കൊണ്ട് വീട്ടില്‍ ഇടക്കിടെ സുഹൃത്തുക്കളായ ഉസ്താദുമാര്‍ വരവുണ്ടുണ്ടായിരുന്നു..അവര്‍ക്കെല്ലാം ഇളനീര്‍ കൊടുത്തിരുന്നത് ആ തെങ്ങില്‍ നിന്നാണ്.

ഉമ്മയോടുള്ള വാശി എങ്ങനെയെങ്കിലും തീര്‍ക്കുക എന്നാണ് എന്റെ ലക്ഷ്യം.അങ്ങനെയാണ് കുന്തിരി തെങ്ങിലെ പൊണ്ടം കാലിയാക്കുന്നത്.തോര്‍ത്ത് മുണ്ട് തളയാക്കി തെങ്ങില്‍ കയറുമ്പോള്‍ ഐസഞ്ഞാക്കും പാത്തിക്കും പേടിയാവും. എങ്കിലും വരുന്നത് വരട്ടെ എന്ന മട്ടില്‍ ഞാന്‍ കയറി പൊണ്ടം പറിച്ച് താഴെയിടും. ചിലപ്പോള്‍ ഇളനീരിനൊപ്പം ഞാനും താഴെ വീഴും...

സന്ധ്യാക്ക് ഉമ്മ വീട്ടിലെത്തുമ്പോള്‍ പള്ളിപൊളിച്ച് പന്തലിടും.പിന്നെ അഭ്യന്തര യുദ്ധം.തെങ്ങില്‍ നിന്ന് വീണ വേദന മാറും മുമ്പ് തന്നെ അടിയുടെ വേദന പുറം തേടി എത്തും.
ചിലപ്പോള്‍ കഞ്ചൂന്റെ [ഖദീജ] മൂക്കില്‍ കല്ലോ ഇലയോ കുത്തിക്കയറ്റും. രാത്രിയായിരിക്കും വീട്ടുകാര്‍ അറിയുന്നത്. പിന്നെ അടിയിടിയുടെ പൊടിപൂരം... ഉമ്മ പോകുമ്പോള്‍ കൂടെ കൂട്ടിയില്ലെങ്കില്‍ പൊല്ലാപ്പ് തീരില്ലെന്ന് ചുരുക്കം.

നാട്ടിലും പരിസരങ്ങളിലുമുള്ള കുടുംബ വീടുകളിലേക്ക് ചിലപ്പോഴെ പൊന്നുമ്മക്കൊപ്പം ഞാനുമുണ്ടാകും.
ഗുരിയടുക്കയിലേക്ക് തനിച്ചും പോകാറുണ്ട്. അവിടെ അന്നുണ്ടായിരുന്ന പ്രതാപം ഇന്നില്ലെന്ന് മാത്രം. 
ഉമ്മയുടെ തറവാടാണ് ഗുരിയടുക്ക.ബെളിഞ്ചയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദേശം പ്ലാന്റേഷനാല്‍ വലയം ചെയ്യപ്പെട്ടതാണ്. പക്രുഞ്ഞാക്ക, ബെലിയാക്ക, അദ്‌ളാക്ക, എളാമ്മ എന്നിവരുടെ വീടിന് പുറമെ പാറക്കെട്ട് ഔക്കര്‍ച്ചാന്റെയും ബോംബൈ മമ്മദ് ച്ചാന്റെയും വീടാണുണ്ടായിരുന്നത്. വിശേഷദിവസങ്ങളില്‍ കൂട്ടാമായി നടന്നുപോകാന്‍ ഒരു തരം പൊല്‍സായിരുന്നു.പ്രകൃതിരമണീയമായ കുന്നുകള്‍ക്ക് കളകളാരവത്തിന്റെ താളം നല്‍കിയിരുന്ന ചെറുതോടുകളും മൂളിപ്പാട്ട് പാടിയിരുന്ന ശലഭ കൂട്ടങ്ങളും നടത്തത്തിന് ഐശ്വര്യം നല്‍കി.
പുതിയോടി മമ്മദ് ച്ചാന്റെ തോട്ടത്തില്‍ നെറ്റിപ്പട്ടം പോലെ പൂത്തിരുന്ന പൂവുകള്‍ പറിച്ചുള്ള പാച്ചലില്‍ പരിസരം മറന്ന ഓര്‍മ്മകള്‍ തോട്ടത്തില്‍ ചളിപുരണ്ട് കിടക്കുന്നതായി തോന്നി. ആസ്യമ്മായിക്കും പാത്തു അമ്മായിക്കും നബീസമ്മായിക്കും ഉമ്മ ജീവനായിരുന്നു.ഉമ്മയെ കാണാന്‍ അവര്‍ നടുക്കുന്നിലും അവരെ കാണാന്‍ ഉമ്മ ഗുരിയടുക്കയിലും പോകും. പതിവ് സന്ദര്‍ശനം തെറ്റിയാല്‍ ഉമ്മാന്റെ സ്വഭാവം മാറും.'
 നടുക്കുന്നില്‍ പൂവാത്തെ കുറേ ആയ്.ഇഞ്ഞാന്റ്‌റെന്ന് പയക്കം കിട്ടും'.പതിവ് തെറ്റിയാല്‍ 
അമ്മായിമാരുടെ ഡയലോഗാണിത്. വെള്ളിയാഴ്ചകളില്‍ ബെലിയാക്കയും[ അബ്ദുറഹ്മാന്‍]പക്രുഞ്ഞാക്കയും 10 മണിക്ക് നടുക്കുന്നില്‍ എത്തും.ആദ്യം തെളിയും[ കഞ്ഞി വെള്ളം] പിന്നെ കട്ടന്‍ചായയും കൊടുക്കും.ഒരുപാട് നേരം പെങ്ങളും ആങ്ങളമാരും സംസാരിച്ചിരിക്കും. പതിവ് തെറ്റിയാല്‍ അവര്‍ക്കും കൊടുക്കും ഒരു മുട്ട്...ഗുണദോഷിക്കല്‍ പൊന്നുമ്മാന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം ഗുരിയടുക്കയില്‍ പോയപ്പോഴാണ് പഴമയുടെ പ്രതാപത്തിന്റെ നഷ്ടമോര്‍ത്ത് മിഴി നിറഞ്ഞത്. ഉമ്മയുടെ കൈപിടിച്ച് രാവും പകലും പോയിരുന്ന പാതയോരങ്ങള്‍ കാട് മൂടി കിടക്കുന്നു.പുതിയോടി കുന്നുകയറുമ്പോള്‍ ഫസ്റ്റ് ഗിയറിട്ടോ എന്ന ഡയലോഗടിച്ച് കൈയ്യില്‍ ഉണ്ടാകുന്ന മാതര്‌ന്റെ വള്ളിയിലുണ്ടാക്കിയ
 സ്റ്റയറിംഗ് തിരിച്ച് കി..കീ... ഓണടിച്ച് പോകാന്‍ ആവേശമായിരുന്നു.ഇടയില്‍ വീണ് കിട്ടുന്ന ഞാവല്‍പ്പഴം തിന്ന് വായ നീലിക്കളറാക്കി പാട്ടും പാടി പോയിരുന്ന ഊടുവഴികളെല്ലാം കാടുകള്‍ കൊണ്ട് പോയി.കാലയവനികക്കുള്ളില്‍ പൊന്നുമ്മ മണ്‍മറഞ്ഞപ്പോള്‍ വഴികളെ കാടുകള്‍ മറച്ചു...
കര്‍ക്കിടഗോളി നെല്ലിത്തടുക്കയാണ് മറ്റൊരു മേഖല.ബെളിഞ്ചയുടെ വടക്ക് ഭാഗത്ത് താഴ് വരപോലെയുള്ള നാടാണ് നെല്ലിത്തടുക്ക.ഉപ്പാന്റെ സഹോദരങ്ങളാണ് അവിടെ ഉള്ളത്.അബ്ദുല്‍ ഖാദറും അബ്ദുറഹ്മാനും അവരുടെ പ്രിയ പത്‌നിമാരാണ് ആസ്യമ്മയും പാത്തുമ്മയും.
ഉമ്മാന്റെ ചങ്കുകളാണ് ആസ്യമൂത്തമയും പാത്തുമൂത്തമ്മയും. പൊന്നുമ്മ നെല്ലിത്തടുക്കയില്‍ പോകലും മൂത്തമ്മമാര്‍ നടുക്കുന്നിലും വരലും പതിവായിരുന്നു. പാത്തൂത്തമ്മ വന്നാല്‍ വീട്ടില്‍ രാപാര്‍ക്കും.അവരുടെ വീട്ടില്‍ ഉണ്ടാക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും കവറിലാക്കി വീട്ടില്‍ എത്തിക്കും.അനിര്‍വചനീയ സ്‌നേഹത്തിന്റെ പ്രതീകങ്ങളായിരുന്നു പൊന്നുമ്മയും പാത്തൂത്തമ്മയും.തുപ്പക്കല്ലിലെ പരപ്പയിലാണ് ഇപ്പോള്‍ അവരുടെ താമസം. പൊന്നുമ്മ കെട്ടിപ്പെടുത്ത കുടുംബ സ്‌നേഹത്തിന്റെ നാലയലത്ത് എത്താന്‍ മക്കള്‍ക്കാകുന്നില്ല... മരിക്കുന്ന കുടുംബ ബന്ധങ്ങളെ ഈയ്യം കൊണ്ട് കെട്ടുറപ്പ് നല്‍കാന്‍ മക്കള്‍ക്കായില്ലെങ്കില്‍ പൊന്നുമ്മയുടെ ആത്മാവ് പൊറുക്കുമോ...?

രണ്ട് പെരുന്നാളിന് ഗുരിയടുക്കയിലും നെല്ലിത്തടുക്കയിലും പോകാന്‍ പൊന്നുമ്മയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടാകും.വീട്ടില്‍ നടക്കുന്ന മൗലിദ്, കല്യാണം തുടങ്ങിയ പരിപാടികള്‍ക്കെല്ലാം കുടുംബക്കാരെ ക്ഷണിക്കണമെന്നത് പൊന്നുമ്മയുടെ നിര്‍ബന്ധമാണ്.കുടുംബ വീടുകളില്‍ വിവാഹം, സുന്നത്ത് കല്യാണങ്ങള്‍ നടന്നാല്‍ വധു വരന്മാര്‍ക്കും പുതിയാപ്ല[സുന്നത്ത് കല്യാണം കഴിഞ്ഞയാള്‍]ക്കും വീട്ടില്‍ പ്രത്യേക സല്‍ക്കാരം നടത്തും. സല്‍ക്കാരമുണ്ടെങ്കില്‍  ഞങ്ങള്‍ക്ക് പെരുന്നാളായിരിക്കും.കോഴിക്കറിയും നെയ്‌ച്ചോറും അപൂര്‍വ്വമായി കിട്ടിയിരുന്ന കാലമായതിനാല്‍ ഇത്തിരി ആര്‍ത്തി കൂടുതലാണ്. തുപ്പക്കല്‍ പരപ്പയിലുള്ള കുഞ്ഞിമ്മാന്റെ[ഉപ്പാന്റെ പെങ്ങള്‍] മകന്‍ ഇബ്‌റാഹിം സഖാഫിയുടെ വിവാഹത്തിന് ശേഷം വീട്ടില്‍ ഒരുക്കിയ വിരുന്ന് മരിച്ചാലും മറക്കാത്ത ഓര്‍മയാണ് സമ്മാനിച്ചത്.അന്ന്,രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് നെയ്‌ച്ചോറിന്റെ മണം കൊണ്ട് മൂക്കിലെ മുടി കരിഞ്ഞത്. വിരുന്നുകാര്‍ എത്തിയ സമയം ഉമ്മയും കൂട്ടരും സ്വീകരിക്കാന്‍ കോലായില്‍ പോയി. കിട്ടിയ തക്കം നോക്കി പൊരിച്ച് വെച്ച പപ്പടം രണ്ടെണ്ണം അകത്താക്കി.പെട്ടന്നാണ് ഉമ്മ തിരികെ വന്നത്.പപ്പടം കോരിയിരുന്ന കൈല്‍കണ[കോരി]യില്‍ നാലഞ്ചെണ്ണം പുറത്തേക്കും കിട്ടി.തിന്ന പപ്പടം ഛര്‍ദ്ദിച്ചില്ലെന്ന് മാത്രം...

നാടിന്റെ വിവിധ കോണുകളില്‍ ഉള്ള കുടുംബക്കാരെല്ലാം വീട്ടില്‍ വന്നിരുന്ന നല്ല കാലം ഓര്‍ത്ത് ആനന്ദം കൊള്ളാന്‍ മാത്രമെ എനിക്കാവൂ. ചട്ടഞ്ചാലിലും കൊടകിലും കൊടുവള്ളിയിലും പൂത്തപ്പലത്തും നാട്ടക്കല്ലിലുമെല്ലാം പരന്ന് കിടക്കുന്ന കുടുംബ വേരുകള്‍ തേടി പോകാന്‍ പൊന്നുമ്മ പുനര്‍ജനിക്കേണ്ടി വരുമോയെന്ന ആശങ്ക മനസ്സിനെ മൂകമാക്കുന്നു.കുടുംബ ബന്ധം ആഘോഷമാക്കിയ പൊന്നുമ്മക്ക് പകരം പൊന്നുമ്മ മാത്രം.


SHARE THIS

Author:

0 التعليقات: