Wednesday, 4 September 2019

പാല ഉപതെരഞ്ഞെടുപ്പില്‍ വിമതനീക്കം; ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി

പാല: പാല ഉപതെരഞ്ഞെടുപ്പില്‍ വിമതനീക്കവുമായി ജോസഫ് പക്ഷം രംഗത്ത്. ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി. കേരളാ കോണ്‍ഗ്രസ് എം അംഗമായ ജോസഫ് കണ്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്. പി ജെ ജോസഫിന്റെ പിഎയ്ക്കൊപ്പം എത്തിയാണ് ജോസഫ് കണ്ടത്തില്‍ ഇന്ന് നാമനിര്‍ദേശപത്രിക നല്‍കിയത്. അതേസമയം, കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസഫ് ഡമ്മി സ്ഥാനാര്‍ത്ഥി മാത്രമാണെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം.



എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വഴി നിലപാട് ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ചിഹ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോമിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെക്കില്ലെന്നും ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും പിജെ ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കും. പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ല. കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചതു കൊണ്ട് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.


പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. പി ജെ ജോസഫ് സഹകരിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


SHARE THIS

Author:

0 التعليقات: