Thursday, 19 September 2019

പ്രതിഷേധം ഫലിച്ചു; അന്‍സാരി ആള്‍ക്കൂട്ട കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി

റാഞ്ചി: ഝാര്‍ഖണ്ഡിലെ കോളിളക്കം സൃഷ്ടിച്ച തബ്രെസ് അന്‍സാരി ആള്‍ക്കൂട്ട കൊലക്കേസില്‍ 13 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം പിന്‍വലിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഫലമുണ്ടായി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രം.

ആന്തരിക അവയവങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാമത് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും അധികമായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് പോലീസ് പറയുന്നു. അന്‍സാരിയുടെ മരണം പരിക്കുകളും ഹൃദയാഘാതവും മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ജൂണ്‍ 18ന് അന്‍സാരി (22)യെ ജനക്കൂട്ടം മര്‍ദ്ദിച്ചത്. പോസ്റ്റില്‍ കെട്ടിയിട്ട് 'ജയ്ശ്രീറാം, ജയ് ഹനുമാന്‍' മുദ്രാവാക്യങ്ങള്‍ വിളിക്കാനും നിര്‍ബന്ധിച്ചു. മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റു ചെയ്ത അന്‍സാരിയ്ക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതിയുണ്ടെന്ന് സര്‍ദാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ നാലു ദിവസത്തിനു ശേഷം ജയിലില്‍ കുഴഞ്ഞുവീണ അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ജൂലായ് 23ന് കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതെ നരഹത്യാക്കുറ്റം ചുമത്തിയത് വിവാദമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കൊലക്കുറ്റം ഒഴിവാക്കിയതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബംഗലൂരു ഐഐഎമ്മിലെ ഒരു വിഭാഗം അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയക്കുന്ന സാഹചര്യം വരെ ഉണ്ടായി.


SHARE THIS

Author:

0 التعليقات: