Saturday, 7 September 2019

മേഘാലയയിലേക്ക് സ്ഥലംമാറ്റം: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ താഹില്‍രമണി രാജിസമര്‍പ്പിച്ചു

ചെന്നൈ:  മേഘാലയ ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി കൊളീജിയം തള്ളിയതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ താഹില്‍രമണി രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിസമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും വെള്ളിയാഴ്ച രാത്രി രാജിസമര്‍പ്പിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ സൂചന നല്‍കി.

 രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണു വിജയ താഹില്‍രമണി. നിലവില്‍ രാജ്യത്തെ 2 വനിതാ ചീഫ് ജസ്റ്റിസുമാരിലൊരാളുമാണ്.

 ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വി കെ താഹില്‍രമണിയെ  2018 ആഗസ്തിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികളുടെ ശിക്ഷ 2017 മേയ് നാലിന് ജസ്റ്റിസ് താഹില്‍രമണി ശരിവെച്ചിരുന്നു.

 കഴിഞ്ഞ ആഗസ്ത് 28നാണ് കൊളീജിയം അവരെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചത്. സ്ഥലം മാറ്റുന്നതിലുള്ള എതിര്‍പ്പ് അവര്‍ കൊളീജിയത്തെ അറിയിച്ചു. എന്നാല്‍ എതിര്‍പ്പ് കൊളീജിയം പരിഗണിക്കാതെ തള്ളിയതാണ് രാജി എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.


SHARE THIS

Author:

0 التعليقات: