Monday, 7 October 2019

45 ലക്ഷത്തിന്റെ ലഹരിയുമായി മൂവര്‍ സംഘം നെടുമ്പാശേരിയില്‍ പിടിയില്‍

വിദേശ രാജ്യങ്ങളിലേക്കു ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച മൂവര്‍ സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍.ശരീരത്തില്‍ ഒളിപ്പിച്ച് മലേഷ്യ, ദോഹ രാജ്യങ്ങളിലേക്കു കടത്താന്‍ ശ്രമിച്ച 850 ഗ്രാം മെതാംഫെറ്റാമൈന്‍ എന്ന ലഹരി പദാര്‍ഥമാണു കണ്ടെടുത്തത്. തമിഴ്‌നാട് സ്വദേശികളായ ഷംസുദീന്‍ അഷറഫലി ഷാഹുല്‍ ഹമീദ്, മുഹമ്മദ് അമീന്‍ എന്നിവരെ വിമാനത്താവള അധികൃതര്‍ പിടികൂടി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇന്നലെ രാത്രിയിലാണു സംഘത്തെ പിടികൂടിയത്.

ഷംസുദീന്റെ അടിവസ്ത്രത്തില്‍ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കു തോന്നിയ സംശയമാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.ഇയാളെ പരിശോധിക്കുന്നതിനായി സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍, സുരക്ഷിതമായി പൊതിഞ്ഞ വെളുത്ത പൊടി ഇയാളില്‍നിന്നു കണ്ടെടുത്തു. വിശദമായ പരിശോധനയില്‍ ഇതു ലഹരി മരുന്നാണെന്നു വ്യക്തമായി. 300 ഗ്രാം മെതാംഫെറ്റാമൈന്‍ ആണു കണ്ടെടുത്തത്.
ഇയാള്‍ മലേഷ്യയിലേയ്ക്കു പോകാന്‍ എത്തിയതായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു മറ്റൊരാള്‍ കൂടി ലഹരി പദാര്‍ഥവുമായി വിമാനത്താളത്തില്‍ എത്തിയ വിവരം ലഭിച്ചത്. തുടര്‍ന്നു ദോഹയിലേക്കുള്ള വിമാനത്തില്‍ കയറിയ ഷാഹുല്‍ ഹമീദ് എന്ന യാത്രക്കാരനെ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി തിരികെയെത്തിച്ചു പരിശോധന നടത്തി.ഇയാളില്‍നിന്ന് 250 ഗ്രാം മെതാംഫെറ്റാമൈന്‍ കണ്ടെടുത്തു. ഇയാള്‍ വെളിപ്പെടുത്തിയതനുസരിച്ചാണു മുഹമ്മദ് അമീനെ തിരികെ കൊണ്ടുവന്നു പരിശോധിച്ചത്. ഇയാളില്‍ നിന്ന് ലഹരി പദാര്‍ഥങ്ങള്‍ കണ്ടെടുക്കാനായില്ല.വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നാണ് രണ്ടു പൊതികളിലായി 300 ഗ്രാം ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരി പദാര്‍ഥങ്ങള്‍ക്കു രാജ്യാന്തര വിപണിയില്‍ 45 ലക്ഷം രൂപ വിലവരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലേഷ്യ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കു ലഹരിമരുന്നു കടത്തുന്നവരുടെ കേന്ദ്രമായി നെടുമ്പാശേരി വിമാനത്താളം മാറിയതായി ആരോപണമുണ്ട്.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണു തമിഴ്‌നാട്ടില്‍ നിന്നുള്ള കടത്തുസംഘത്തില്‍ നിന്നും വിദേശത്തേയ്ക്കു കടത്താനെന്ന പേരില്‍ എത്തിച്ച കോടികളുടെ ലഹരി പദാര്‍ഥങ്ങള്‍ എക്‌സൈസ് പിടികൂടിയത്. ചെന്നൈയിലെ സിന്തറ്റിക് ലഹരി നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ഇവ കേരളത്തില്‍ എത്തുന്നതെന്നു കണ്ടെത്തിയെങ്കിലും നിര്‍മാണ കേന്ദ്രം കണ്ടെത്തുന്നതിനോ പിടികൂടുന്നതിനോ പൊലീസിനു സാധിച്ചിട്ടില്ല


SHARE THIS

Author:

0 التعليقات: