Friday, 11 October 2019

ബാലികാദിനം ഇന്ന്; പെണ്‍കുട്ടികളുടെ സുരക്ഷക്കായി നമുക്ക് കൈകോര്‍ക്കാം

ഇന്ന് ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് ബാലികാദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പെണ്‍ഭ്രൂണഹത്യയില്‍ മാത്രം പ്രതിവര്‍ഷം ലക്ഷക്കണക്കിനു പെണ്‍കുഞ്ഞുങ്ങളാണ് ഗര്‍ഭാശയത്തില്‍വെച്ച് കൊല്ലപ്പെടുന്നത്.

2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി ജനിക്കാന്‍പോലും അവസരം നിഷേധിച്ച കാലത്താണ് പുണ്യനബിയുടെ ആഗമനം. പെണ്‍കുട്ടി അപമാനമാണെന്ന് വിശ്വസിച്ചവരെ, പെണ്‍കുഞ്ഞ് അഭിമാനമാണെന്ന് പഠിപ്പിക്കുകയും സമൂഹത്തില്‍ പുതിയ വിപ്ലവം തീര്‍ത്ത് പെണ്‍കുട്ടിക്ക് ജീവിക്കാനും അവള്‍ സംരക്ഷിക്കപെടാനും വ്യക്തമായ നിയമ നിര്‍മാണവും നബിതങ്ങള്‍ കൊണ്ടുവന്നു. 
മഹതിയായ ആഇശ (റ) പറയുന്നു. പാവപ്പെട്ട ഒരു സ്ത്രീ തന്റെ രണ്ട് പെണ്‍കുട്ടികളുമായി എന്റെ വീട്ടിലേക്ക് വന്നു. ഞാന്‍ സ്വീകരിച്ചിരുത്തി. അവളുടെ കൈയ്യില്‍ മൂന്ന് ഈത്തപ്പഴം നല്‍കി. അവള്‍ ഓരോന്നുവീതം ആ രണ്ട് പെണ്‍കുട്ടികള്‍ക്ക് കൊടുത്തു. ബാക്കിയുള്ള ഒന്ന് ഭക്ഷിക്കാന്‍ വേണ്ടി ആ സ്ത്രീ തന്റെ വായിലേക്ക് ഉയര്‍ത്തിയപ്പോള്‍ ആ രണ്ട് പെണ്‍കുട്ടികള്‍ അതാവശ്യപ്പെട്ടു. ഉടനെ ആ സ്ത്രീ ആ ഈത്തപ്പഴത്തെ രണ്ട് കഷ്ണമാക്കി മക്കള്‍ക്ക് കൊടുക്കുകയും ചെയ്തു. അവള്‍ കഴിക്കാന്‍ ഉദ്ദേശിച്ച ഈത്തപ്പഴമായിരുന്നു അത്. 
ആഇശ (റ) പറയുന്നു: ആ സ്ത്രീയുടെ പ്രവര്‍ത്തനം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഈ സംഭവം ഞാന്‍ റസൂല്‍(സ) യോട് പറഞ്ഞപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: അല്ലാഹു ആ സ്ത്രീക്ക് സ്വര്‍ഗം നിര്‍ബന്ധമാക്കിയിരിക്കുന്നു. നരകത്തില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തിരിക്കുന്നു. 
നബി(സ) പറഞ്ഞു: പെണ്‍കുട്ടികളാല്‍ ഒരാള്‍ പരീക്ഷിക്കപ്പെടുകയും അവന്‍ അവര്‍ക്ക് നന്മ ചെയ്യുകയും ചെയ്താല്‍ അത് മുഖേന നരകത്തെ തൊട്ട് ഒരു മറ അല്ലാഹു ഉണ്ടാക്കും. നബി തങ്ങള്‍ പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടാവുകയും അങ്ങനെ ക്ഷമയോടെ അവര്‍ക്ക് ഭക്ഷണം, പാനീയം, വസ്ത്രം എന്നിവ നല്‍കിയാല്‍ നരകത്തെ തൊട്ട് അവനിക്ക് മറയായിരിക്കും. 
നബി തങ്ങള്‍ പറഞ്ഞു: ഒരാള്‍ തന്റെ രണ്ട് പെണ്‍കുട്ടികളെ, അല്ലെങ്കില്‍ രണ്ട് സഹോദരിമാരെ പോറ്റിവളര്‍ത്തിയാല്‍ രണ്ടു വിരലുകള്‍ ചേര്‍ത്തുവെച്ച് കൊണ്ട് ഇതേ രൂപത്തില്‍ അവന്‍ നാളെ എന്റെ കൂടെ സ്വര്‍ഗത്തിലാണെന്നും നബി തങ്ങള്‍ പറഞ്ഞു. 

-അബ്ബാസ് സഖാഫി
ഖത്വീബ് മുഹിമ്മാത്ത്‌


SHARE THIS

Author:

0 التعليقات: