Wednesday, 16 October 2019

ഹമീദ് പരപ്പ; മണലാരണ്യത്തിലെ മലയോര പ്രതിഭ

ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

കാസര്‍കോട്:  ഐ സി എഫ് യു എ ഇ ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഹമീദ് പരപ്പ ജില്ലക്ക് അഭിമാനമാകുന്നു. മത സാംസ്‌കാരിക സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് യു എ ഇയില്‍ അഹ്ലുസുന്നയുടെ കാവലാളായി പ്രവര്‍ത്തിക്കുന്ന ഐ സി എഫിന്റെ ദേശീയ സെക്രട്ടറിയായി ഹമീദ് പരപ്പയെ തെരഞ്ഞെടുത്തത് അര്‍ഹതക്കുള്ള അംഗീകാരമാണ്. മികച്ച സംഘാടകനായ ഹമീദ് പരപ്പ എഴുത്തുകാരനും പ്രഭാഷകനുമാണ്. 
1982ല്‍ ദേലംപാടി സ്‌കൂളില്‍  8ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് എസ് എസ് എഫില്‍ അംഗമാകുന്നത്. തുടര്‍ന്ന് ദേലംപാടി യൂണിറ്റിന്റെ ജോയിന്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാട്ടുകാര്‍ക്കിടയില്‍ ശ്രദ്ധേയനും മാതൃകായോഗ്യനുമായ പ്രവര്‍ത്തകനായി മാറിയ ഹമീദ് പരപ്പയെ ദേലംപാടി പഞ്ചായത്തിന്റെ ഓര്‍ഗനൈസിംങ് സെക്രട്ടറിയായി ചുമതലപ്പെടുത്തി. പിന്നീട് കാസര്‍കോട് താലൂക്ക് ജോയിന്‍ സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നി പദവിയിലെത്തിയ അദ്ധേഹം താലൂക്ക് പരിധിയില്‍ വിപ്ലവകരമായ പ്രവര്‍ത്തനം കാഴ്ച വെക്കുകയും എസ് എസ് എഫിന് വിവിധ നാടുകളില്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന്  അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു. 

എസ് എസ് എഫ് കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് ഓര്‍ഗനൈസറായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ധേഹത്തെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ അസോസിയേറ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായതോടെ ഹമീദ് പരപ്പയുടെ ചടുലമായ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം വ്യാപിച്ചു. 

എസ് എസ് എഫിന്റെ പ്രവര്‍ത്തന പ്രായ പരിധിക്ക് ശേഷം സമസ്ത കേരള സുന്നി യുവജന സംഘത്തില്‍ എത്തിയതോടെ എസ് വൈ എസിനെ ജനകീയമാക്കുന്നതില്‍ ശ്രദ്ധ തിരിച്ചു. എസ് വൈ എസിന്റെ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവുമായപ്പോളാണ് സുന്നി സ്ഥാപന പ്രവര്‍ത്തന മേഖലയില്‍ സജീവമാകുന്നത്. 

പരപ്പ എന്ന മലയോര മണ്ണില്‍ പ്രാസ്ഥാനിക പ്രവര്‍ത്തന രംഗത്ത് ഇതിഹാസം തീര്‍ത്ത ഹമീദ് പരപ്പ മണലാരണ്യത്തിന് ലഭിച്ച മലയോര പ്രതിഭയാണ്.

കൂര്‍മ്മ ബുദ്ധിയും വിനയവും അദ്ധേഹത്തിന്റെ പ്രത്യകതയാണ്. 

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് ശക്തിപകര്‍ന്നവരില്‍ പ്രധാനിയാണ് ഹമീദ് പരപ്പ. 

മുഹിമ്മാത്തിന്റെ ജോയിന്‍ സെക്രട്ടറിയായി ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും 2002 മുതല്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്ന സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പെസോട്ട് തങ്ങള്‍ക്കൊപ്പം ജനറല്‍ സെക്രട്ടറിയായതിലും അതിയായ സന്തോഷമുണ്ടെന്നും ഹമീദ് പരപ്പ മുഹിമ്മാത്ത് ന്യൂസിനോട് പറഞ്ഞു.  

എസ് എം എ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി,  ജാമിയ സഅദിയ ഭരണ സമിതി അംഗം, ജാമിഅ സഅദിയ്യ ഓഫീസ് സുപ്രണ്ട്, മോറല്‍ ഇംഗ്ലീഷ് മീഡിയം ടീച്ചര്‍,പബ്ലിക്ക് റിലേഷന്‍ ഓഫിസര്‍, അരീക്കോട് മജ്മഅ് എക്കണോമിക്‌സ് ആന്റ് പൊളിട്ടിക്കല്‍ സയന്‍സ് ലക്ച്ചര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചതിന് ശേഷം വിദേശത്തെത്തിയ ഹമീദ് പരപ്പ അറേബിയന്‍ മണലാരണ്യത്തില്‍ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമായി മാറി. ഷാര്‍ജ സുന്നി സെന്റര്‍ സെക്രട്ടറി, ഷാര്‍ജ സഅദിയ ജനറല്‍ സെക്രട്ടറി, അബൂദാബി സഅദി പ്രസിഡന്റ്, അബൂദാബി കാസര്‍കോട് ജില്ലാ എസ് വൈ എസ് ജനറല്‍ സെക്രട്ടറി, യു എ ഇ ഐ സിഎഫ് നേളേഡ്ജ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച അദ്ധേഹം  ഇപ്പോള്‍ അബൂദാബി ശൈഖ് ഹംദാന്‍ ബിന്‍ സാഹിദ് അല്‍ നഇയാന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം ചെയ്ത് വരുന്നു.  


മര്‍ഹൂം എന്‍ എ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. അര്‍ളടുക്ക ഫാതിമത്ത് സുഹ്‌റയാണ് ഭാര്യ. മുഫീദ്, ആയിശ, മുഹമ്മദ്, ആസിയ, ആതിഫ എന്നിവര്‍ മക്കളാണ്. 

ളിയാഹുല്‍ മുസ്ഥഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, അലി മുഹമ്മദ് ഫൈസി, ടി എന്‍ അബ്ദുല്‍ ഖാദിര്‍ മദനി ബണ്ടുവാള്‍, ഇബ്‌റാഹിം
 ദാരിമി ഗുണാജെ എന്നീ ഗുരുനാഥര്‍ക്കു കീഴില്‍ മത പഠനവും നടത്തിയിട്ടുണ്ട്.

സ്വന്തം കുടിലിന്റെയും കുടുംബത്തിന്റെയും കണ്ണ്കുളിര്‍ക്കാന്‍ കാതങ്ങള്‍ കടന്ന് കനക നാട്ടിലെത്തിയ ഹമീദ് പരപ്പ പ്രസ്ഥാന സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ നിറ സാനിധ്യമായി മാറുമ്പോള്‍ വരും തലമുറയുടെ ചരിത്ര പുസ്തകവും മാതൃക പ്രവര്‍ത്തകനുമായി മാറുകയാണ്. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഹമീദ് പരപ്പയെന്ന സംഘാടകനില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട് പാഠങ്ങള്‍. 
SHARE THIS

Author:

0 التعليقات: