Monday, 14 October 2019

ബാബരി കേസ് വിധി; ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ

ലഖ്നോ: ബാബരി കേസുമായി ബന്ധപ്പെട്ട കേസിലെ വിധി നവംബര്‍ പകുതിയോടെ വരാനിരിക്കെ അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ. ജില്ലാ മജിസ്ട്രേറ്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

ബാബരി കേസുമായി ബന്ധപ്പെട്ട വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഒക്ടോബര്‍ 18നകം വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു. മാസങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ ബാബരി ഭൂമിക്കേസില്‍ നവംബര്‍ 17ന് വിധിയുണ്ടാകുമെന്നാണ് സൂചന. 

 ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന തീയതിയായ നവംബര്‍ 17ന് വിധി പുറപ്പെടുവിക്കാനാണ് സുപ്രിംകോടതി നീക്കം. 70 വര്‍ഷം നീണ്ട കേസിനാണ് വിധിയോടെ അന്ത്യമാകുക. വാദം അവസാനിച്ച് കൃത്യം ഒരുമാസത്തിന് ശേഷമായിരിക്കും വിധി. ആഗസ്ത് ആറുമുതലാണ് സുപ്രിം കോടതി തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കുകയാണ്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്.

വിവാദ ഭൂമിയായ 2.77 ഏക്കര്‍ രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. 2017ല്‍ അന്നത്തെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്ടോബര്‍ 29 മുതല്‍ പുതിയ ബെഞ്ചിന് മുന്നിലാണ് കേസ്.


SHARE THIS

Author:

0 التعليقات: