Wednesday, 16 October 2019

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദം; അയോദ്ധ്യയിലെ ഹിയറിങ് ഇന്നവസാനിക്കും- ചരിത്രവിധി നവംബര്‍ 17ന് മുമ്പ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ വാദപ്രതിവാദത്തിന് ഇന്ന് വിരാമം. അയോദ്ധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കക്കേസില്‍ നാല്‍പ്പത് ദിനം നീണ്ട വാദമാണ് ഇന്നവസാനിക്കുന്നത്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കും മുമ്പ് കേസില്‍ വിധിയുണ്ടാകും. 

കേസില്‍ നേരത്തെ ഒക്ടോബര്‍ 18നാണ് അവസാന വാദം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് പുനര്‍നിര്‍ണയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് രാജ്യത്തെ ഏറ്റവും പ്രശ്നകലുഷിതമായ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. 

സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, ഹിന്ദു കക്ഷിയായ രാം ലല്ല വിര്‍ജ്മാന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറള്‍ കെ. പരാശരന്‍, നിര്‍മോഹി അഖാഡയ്ക്ക് വേണ്ടി സുശീല്‍ ജെയ്ന്‍, കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് കോടതിയില്‍ അവരവരുടെ വാദം ഉന്നയിച്ചത്. 

അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നിവഖ്ഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മഹോ അഖാഡ എന്നിവയ്ക്കു തുല്യമായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. 1992 ഡിസംബര്‍ ആറിനാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ച മസ്ജിദ് തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തത്.

SHARE THIS

Author:

0 التعليقات: