Saturday, 19 October 2019

പൗരത്വ പട്ടികയില്‍ ഭയന്നു; അസമില്‍ ബി.ജെ.പി അംഗത്വത്തിനു വേണ്ടി മിസ്ഡ് കാള്‍ ചെയ്തത് നാലു ലക്ഷം മുസ്ലിംകള്‍

ഗുവാഹത്തി: അസമിലെ വിവാദമായ പൗരത്വ പട്ടികയ്ക്കു പിന്നാലെ മുസ്ലിംകള്‍ക്കിടയില്‍ ഭീതി വളരുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ ബി.ജെ.പിയില്‍ അംഗത്വം കിട്ടാനായി നാലു ലക്ഷം മുസ്ലിംകളാണ് പാര്‍ട്ടി ഫോണുകളിലേക്ക് മിസ്ഡ് കാള്‍ ചെയ്തതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എട്ടു സംസ്ഥാനങ്ങളില്‍ നിന്നായി അംഗത്വത്തിനായി അഞ്ചു ലക്ഷം വിളികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബി.ജെ.പി വെളിപ്പെടുത്തി. ' ഓഗസ്റ്റ് വരെ ആയിരുന്നു അംഗത്വ പരിപാടി. വടക്കു കിഴക്കിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ചു ലക്ഷം മിസ്ഡ് കോളുകളാണ് ലഭിച്ചത്. ഇതില്‍ എത്ര പേര്‍ മുസ്ലിംകളാണ് എന്നു പറയാന്‍ ബുദ്ധിമുട്ടാണ്' - വടക്കുകിഴക്കിലെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ മേധാവി സെയ്ദ് മൊമിനുല്‍ അവല്‍ പറഞ്ഞു. 

മുസ്ലിംകള്‍ മാത്രമല്ല, സംസ്ഥാനത്തെ വിവിധ ന്യൂനപക്ഷ സമുദായങ്ങളും മിസ്ഡ് കാള്‍ വഴി പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന പാര്‍ട്ടി വക്താവ് വിജയ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. വിളിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കണം. അത് പാര്‍ട്ടി പരിശോധിക്കും. സാധാരണ ഗതിയില്‍ അംഗത്വം തള്ളിക്കളയാറില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മറ്റൊരു പൗരത്വ രജിസ്റ്റര്‍ കൂടി സംസ്ഥാനത്തു നടപ്പിലാക്കുമെന്ന ഭയമാണ് മുസ്ലിംകളെ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് 'ആകര്‍ഷിക്കുന്നത്' എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


SHARE THIS

Author:

0 التعليقات: