Sunday, 13 October 2019

ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചു, ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

നീലേശ്വരം: 2020 ല്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം ആരംഭിച്ചു. ജില്ലയിലുള്ള അപേക്ഷകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. വര്‍ഷങ്ങളായി ഹജ്ജ് അപേക്ഷകര്‍ക്ക് സേവനങ്ങള്‍ ചെയ്തു വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെല്‍പ് ഡെസ്‌ക്കുകള്‍ ജില്ലയുടെ  വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഹജ്ജ് കമ്മറ്റി നിയോഗിച്ച ഹജ്ജ് ട്രയിനര്‍മാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. ഈ വര്‍ഷം ഹജ്ജ് അപേക്ഷാ സമര്‍പ്പണം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്. 

www.hajcommittee.gov.in  എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ മുതലായവ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബര്‍ 10. ഓണ്‍ലൈന്‍ വഴി തയ്യാറാക്കിയ അപേക്ഷ ഹജ്ജ് കമ്മറ്റിക്ക് അയച്ചുകൊടുക്കേണ്ടതില്ല. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും ഫീസടച്ച രശീതും ഒറിജിനല്‍ പാസ്പോര്‍ട്ടും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നിശ്ചിത തീയ്യതിക്കകം നേരിട്ട് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷാ പ്രക്രിയ സമ്പൂര്‍ണ്ണമാക്കിയാല്‍ അപേക്ഷകര്‍ക്കുള്ള കവര്‍ നമ്പര്‍ ഹജ്ജ് കമ്മറ്റി അയച്ചുനല്‍കുന്നതാണ്. റിസര്‍വ്വ് കാറ്റഗറി ഒഴികെയുള്ള അപേക്ഷകര്‍ അവര്‍ക്ക് അവസരം ലഭിച്ചുവെങ്കില്‍ മാത്രമേ അപേക്ഷയും മറ്റു രേഖകളും ഹജ്ജ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (14/10/2018) വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സയില്‍ വെച്ച് നിര്‍വ്വഹിക്കും. തുടര്‍ന്ന് ഹജ്ജ് അപേക്ഷകര്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സ് നടക്കും. 16 ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാസറഗോഡ് പുതിയ ബസ്സ്റ്റാന്റിന് സമീപത്തുള്ള സുന്നി സെന്ററില്‍ വെച്ചും അപേക്ഷകര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. 

ജില്ലയിലെ ഹജ്ജ് അപേക്ഷകരും അപേക്ഷകരെ സഹായിക്കുവാന്‍ സന്നദ്ധതയുള്ളവരും അക്ഷയ സംരംഭകരും സംബന്ധിക്കണം. പടന്ന, വലിയ പറമ്പ, ചെറുവത്തൂര്‍ പഞ്ചായത്തിലുള്ള അപേക്ഷകര്‍ക്കായി ഒരു ഏകദിന ഹെല്‍പ്ഡെസ്‌ക്ക് 19 ന് ശനിയാഴ്ച രാവിലെ 8 മാണി മുതല്‍ പടന്ന ഓരിമുക്കില്‍ വെച്ച് നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍  അമാനുള്ളാഹ്.എന്‍.കെ.(9446111188),   ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: ഇ.കെ.അസ്ലം (9961501702), എ.പി.പി.കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: എന്‍.പി.സൈനുദ്ദീന്‍ (9446640644), എം.ടി.അഷ്റഫ് (9496143420), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), കാസറഗോഡ് ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), എം.അബ്ദുള്‍ റസാഖ് (9388454747), മഞ്ചേശ്വരം മേഖല: സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടണം.


SHARE THIS

Author:

0 التعليقات: