നിരാഹാര സമരത്തില്‍ പങ്കെടുക്കരുത്, ധര്‍ണ നടത്തരുത്;ജെ.എന്‍.യു ഹോസ്റ്റലില്‍ കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്താനുദ്ദേശിച്ച് അധികൃതര്‍ കരട് രേഖ തയ്യാറാക്കി. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ (നിയന്ത്രണങ്ങള്‍) പാലിക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ ബിരുദം തടഞ്ഞു വയ്ക്കുകയോ ചെയ്യണമെന്ന് കരട് നിയമത്തില്‍ പറയുന്നു. 

യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് പുതിയ നിയമാവലി പ്രകാരം വിദ്യാര്‍ത്ഥികള്‍ രാത്രി 11.30നുള്ളില്‍ ഹോസ്റ്റലിലെത്തണം. വായനശാലകളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ വായനശാല അടച്ച് അര മണിക്കൂറിനുള്ളില്‍ ഹോസ്റ്റലിലെത്തണം. ബി.ആര്‍. അബേദ്ക്കര്‍ സെന്‍ട്രല്‍ ലൈബ്രറി രാത്രി 12 വരെ തുറന്നു പ്രവര്‍ത്തിക്കും. നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ല, ധര്‍ണ നടത്തരുത് തുടങ്ങിയ നിയന്ത്രണങ്ങളും നിയമാവലിയിലുണ്ട്. 

ജെ.എന്‍.യുവിനെ റെസിഡന്റ് കാമ്പസ് എന്ന പദവിയില്‍ നിന്ന് ഒഴിവാക്കി. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അവകാശപ്പെടാനാകില്ല. ഹോസ്റ്റല്‍ നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുകയോ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയോ മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കരട് നിയമം വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. യൂണിവേഴ്സിറ്റി അധികൃതര്‍ ബി.ജെ.പി സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്സിറ്റി എന്നത് പഠിക്കാനുള്ളതല്ല മറിച്ച് അവരുടെ ആശയം പ്രചരിപ്പിക്കാനുള്ള ഒന്നായാണ് ബി.ജെ.പി കരുതുന്നത്. ഇതിനാലാണ് ഹോസ്റ്റലുകള്‍ക്ക് സമയക്രമവും കേട്ടുകേള്‍വിയില്ലാത്ത ശിക്ഷാനടപടികളും നടപ്പിലാക്കുന്നതെന്ന് യൂണിയന്‍ പറഞ്ഞു. ഇത് ജനാധിപത്യ അവകാശങ്ങള്‍ക്ക് നേരെയുള്ള കടുത്ത ആക്രമണമാണ്. ജെ.എന്‍.യുവിനെ ജയിലാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലെങ്കില്‍ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും യൂണിയന്‍ പറഞ്ഞു.


Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍