Tuesday, 8 October 2019

ആനപ്പേടിയില്‍ വനാതിര്‍ത്തിഗ്രാമങ്ങള്‍; വ്യാപകമായി കൃഷിനശിപ്പിക്കുന്നു

ബന്തടുക്ക: വനാതിര്‍ത്തിഗ്രാമങ്ങളിലുള്ളവരെല്ലാം ആഴ്ചകളോളമായി ആനഭീതിയിലാണ്. ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും തുടര്‍ച്ചയായി ആനയിറങ്ങുന്നതിനാലാണിത്. വനംവകുപ്പ് ബന്തടുക്ക സെക്ഷന്‍പരിധിയിലാണ് ആന വ്യാപകമായി കൃഷിനശിപ്പിച്ചത്.

ബാളങ്കയയിലെ യു.ഗോപാലന്‍, കല്യാണി, ഉദയന്‍, പാണ്ടിയിലെ രാജേഷ്, പള്ളത്തുപാറയിലെ ലീലാവതി, രാഘവന്‍ ആചാരി എന്നിവരുടെ തോട്ടങ്ങളിലാണ് വ്യാപക കൃഷിനാശമുണ്ടായത്. ഇവിടങ്ങളില്‍ വീട്ടുമുറ്റംവരെയും ആനയെത്തി.തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍ എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ മൂന്നുരാത്രികളിലാണ് ആനയിറങ്ങിയത്. മല്ലമ്പാറ, നെച്ചിപ്പടുപ്പ്, നീര്‍ളക്കയ പ്രദേശത്തേക്കുള്ള പാണ്ടി-മല്ലമ്പാറ റോഡില്‍ക്കൂടി കഴിഞ്ഞദിവസംആനക്കൂട്ടം ചൂരലടിഭാഗത്തേക്ക് കടക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

വനംവകുപ്പ് ദ്രുതകര്‍മസേന സെക്ഷന്‍ ഓഫീസര്‍ കെ.എന്‍.രമേഷ്, ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.ബാബു, ട്രൈബല്‍ വാച്ചര്‍ സന്തോഷ്, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ കെ.എം.ഖമറുനീസ, വാച്ചര്‍മാരായ അഷറഫ്, കുമാരന്‍ എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കഴിഞ്ഞയാഴ്ച പയറടുക്കം തിമ്മയ്യമൂലയില്‍ ആനയിറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു.


SHARE THIS

Author:

0 التعليقات: