Friday, 4 October 2019

ഒരു കുടുംബത്തിലെ ആറുപേരുടെ മരണം; പരിശോധനയ്ക്കായി കല്ലറ തുറന്നു

താമരശേരി: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കൂടത്തായി പള്ളി സെമിത്തേരിയില്‍ അടക്കംചെയ്ത നാലുപേരുടെ കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ഫോറന്‍സിക് സയന്റിഫിക്  വിദഗ്ധരാണ് പരിശോധന നടത്തുന്നത്. 

10മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം പരിശോധിക്കുന്നത്. കോടഞ്ചേരി പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹങ്ങളാണ് ആദ്യം പരിശോധിക്കുക.

16 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കുടുംബത്തിലെ  ആറുപേര്‍ വിവിധ കാലയളവില്‍ മരിച്ചതാണ് ദുരൂഹമായിരിക്കുന്നത്.

 വിദ്യാഭ്യാസ വകുപ്പിലെ റിട്ട.  ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്റെ  ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിക്കുന്നത്. ഒരു വര്‍ഷത്തിനുശേഷം ടോം തോമസും മരിച്ചു. അടുത്ത ഒരു വര്‍ഷത്തെ ഇടവേളയില്‍  മകന്‍ റോയിയും മരണത്തിന് കീഴടങ്ങി.  തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍,  ടോം തോമസിന്റെ സഹോദരന്‍ പുലിക്കയം സ്വദേശി സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകന്‍ ആല്‍ഫിന്‍(2) എന്നിവരും മരിച്ചു. 

 പലരും കുഴഞ്ഞുവീണാണ് മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. മരിച്ച റോയിയുടെ അമേരിക്കയില്‍ ജോലിയുള്ള  സഹോദരന്‍ റോജോ നാട്ടിലെത്തിയപ്പോള്‍ പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ ഭാര്യ ജോളിയുടെ പേരിലേക്ക് മാറ്റിയതറിഞ്ഞു. ഇതില്‍ സംശയം തോന്നിയാണ് ഇയാള്‍  പൊലീസില്‍ പരാതി നല്‍കിയത്. റോജോയുടെ പരാതിയില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ട്.

ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍  പരിശോധിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി പി ഹരിദാസ് ആണ് കേസ് അന്വേഷിക്കുന്നത്. മരിച്ചവരില്‍ നാലുപേരുടെ  മൃതദേഹം കൂടത്തായി സെമിത്തേരിയിലാണ് അടക്കംചെയ്തത്. മറ്റു രണ്ടുപേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലും.


SHARE THIS

Author:

0 التعليقات: