കൂടത്തായി മരണ പരമ്പര: മരിച്ച റോയിയുടെ ഭാര്യ കസ്റ്റഡിയില്‍

താമരശ്ശേരി: കൂടത്തായില്‍ ഒരു കുടംബത്തിലെ ആറുപേര്‍ സംശയകാരമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ബന്ധുവായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച റോയിയുടെ ഭാര്യ ജോളിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ആറുപേരുടേയും മരണം വിഷാംശം ഉള്ളില്‍ ചെന്നതാണെന്ന്  പൊലീസ് പറയുന്നു. മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്ന് റൂറല്‍ എസ് പി  കെ ജി സൈമണ്‍ പറഞ്ഞു. 16 വര്‍ഷംമുമ്പാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്.

ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന്  മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കായി  പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ്  റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2)  എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ല്‍ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടര്‍ന്ന് മറ്റുളളവരും സമാന സാഹചര്യത്തില്‍ മരിച്ചു. ആറ് വര്‍ഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം. ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞെങ്കിലും ചിലര്‍ സംശയമുന്നയിച്ചതിനാല്‍  പോസ്റ്റ്‌മോര്‍ട്ടം നടത്തി.  വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

കോടഞ്ചേരി സെന്റ്മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ആദ്യം പുറത്തെടുത്ത്  സാമ്പിളുകള്‍ ശേഖരിച്ചത്. തുടര്‍ന്ന്  കൂടത്തായി ലൂര്‍ദ്മാതാ പള്ളിയില്‍ അടക്കിയ മറ്റു നാലുപേരുടെയും കല്ലറ തുറന്ന്  എല്ലും പല്ലും മറ്റും ശേഖരിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍