Monday, 21 October 2019

മര്‍കസിന്റെപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനു മാതൃക: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


കോഴിക്കോട്: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന മര്‍കസിന്റെ പ്രവര്‍ത്തങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മര്‍കസില്‍ സംഘടിപ്പിച്ച 'ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍' പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ധിഷണയും പ്രാപ്തിയും ഉള്ള നേതൃത്വമാണ് കേരള മുസ്‌ളിംകളുടെ ശക്തി. എങ്ങനെ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതിയിലെത്തിക്കാമെന്നും വിവിധ ജനവിഭാഗങ്ങളുമായി സൗഹാര്‍ദ്ധത്തില്‍ കഴിയണമെന്നും ഇവിടെയുള്ള മുസ്ലിം നേതാക്കള്‍ കാണിക്കുന്നു. 

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രവര്‍ത്തനം രാജ്യത്തിനു മുഴുവന്‍ മാതൃകയാണ്. അന്‍പതു വര്‍ഷത്തെ വിശ്രമമില്ലാത്ത യത്നങ്ങളിലൂടെ അദ്ദേഹം സാധിച്ചെടുത്ത വൈജ്ഞാനിക മഹാ മുന്നേറ്റത്തെ താന്‍ ആദരവോടെ കാണുന്നു. ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വിജ്ഞാനം ആഴത്തില്‍ നേടാനും ജീവിതം പ്രകാശമാനമാക്കാനുമാണ്. ഖുര്‍ആന്റെ മൂല്യങ്ങളില്‍ ഊന്നിനിന്നുകൊണ്ടാവണം മുസ്ലിംകളുടെ ജീവിതം - ഗവര്‍ണ്ണര്‍ പറഞ്ഞു.


പ്രഭാഷണാനന്തരം കാശ്മീര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി സംവദിക്കാനും ഗവര്‍ണ്ണര്‍ സമയം കണ്ടെത്തി. കശ്മീരിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നുവന്ന് ഏഴുവര്‍ഷമായി മര്‍കസില്‍ പഠനം നടത്തുന്ന മഹ്മൂദ് അഹമ്മദ് കേരളത്തില്‍ വന്ന ശേഷമുള്ള തന്റെ അക്കാദമിക മുന്നറ്റത്തെപറ്റി സംസാരിച്ചപ്പോള്‍, ഇവിടെ നിന്ന് നേടിയ സാമൂഹിക ബോധവും ബഹുസ്വര മൂല്യങ്ങളും ജന്മനാട്ടില്‍ പോയി എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി കേരളം പോലെ മനോഹരക്കണം എന്ന് ഗവര്‍ണ്ണര്‍ ഉപദേശംനല്‍കി. 

2020 ഏപ്രിലില്‍ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ചു രാജ്യത്താകെ പത്തു ലക്ഷം വൃക്ഷത്തൈ നടുന്ന ഗ്രീന്‍ കാമ്പയിന്‍ ചെടി നട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു .


മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ഗവര്‍ണറെ ആദരിച്ചു. ഗവര്‍ണ്ണര്‍ക്കുള്ള മര്‍കസിന്റെ ഉപഹാരം സി മുഹമ്മദ് ഫൈസി കൈമാറി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: