സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ് മദ് അലിക്ക്

ഓസ്‌ലോ: ഈവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ് മദ് അലിക്ക്. അയല്‍രാജ്യമായ എറിത്രിയയിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ ഇടപെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നൊബേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജ്യത്ത് സമാധാനമുണ്ടാക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണം നേടുന്നതിനും പ്രത്യേകിച്ചു അയല്‍രാജ്യമായ എറിത്രിയയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു. പുരസ്‌കാരത്തില്‍ രാഷ്ട്രം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി അബി അഹ് മദ് അലിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

43കാരനായ അബി അഹ് മദ് അലി 2018 ഏപ്രിലില്‍ എത്യോപ്യന്‍ പ്രധാനമന്ത്രിയായ ശേഷം തന്റെ രാജ്യത്തിലെ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും അതിരുകള്‍ക്കപ്പുറത്ത് ചലനാത്മകമായി പുനര്‍നിര്‍മ്മിക്കാനും നിരവധി നയങ്ങള്‍ നടപ്പാക്കിയതായി കമ്മിറ്റി വിലയിരുത്തി. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി ആറു മാസത്തിനുള്ളില്‍ അബി കടുത്ത ശത്രുരാജ്യമായി അറിയപ്പെട്ടിരുന്ന എറിത്രിയയുമായി സമാധാനം സ്ഥാപിക്കുകയും വിമതരെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഭരണകൂട ക്രൂരതയ്ക്ക് മാപ്പ് പറയുകയും മുന്‍ഗാമികള്‍ 'തീവ്രവാദികള്‍' എന്ന് മുദ്രകുത്തി നാടുകടത്തിയ സായുധ സംഘങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. പടിഞ്ഞാറന്‍ പട്ടണമായ ബെഷാഷയില്‍ മുസ് ലിം പിതാവിനും ക്രിസ്ത്യന്‍ മാതാവിനും ജനിച്ച ഇദ്ദേഹം ദരിദ്രപശ്ചാത്തലത്തില്‍ നിന്നാണ് പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍