Tuesday, 8 October 2019

റഫാല്‍ ഇന്ത്യക്ക് കൈമാറി; ചരിത്ര ദിനമെന്ന് രാജ്നാഥ് സിംഗ്

ബോര്‍ഡിയോക്സ്: റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെ മെറിഗ്നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജ്നാഥ് സിംഗ് യുദ്ധ വിമാനം ഏറ്റ് വാങ്ങാനെത്തിയത്. ദസ്സോ ഏവിയേഷന്റെ പ്ലാന്റും രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു.

ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും യുദ്ധ വിമാനം കൈമാറുന്ന ചടങ്ങുകളില്‍ പങ്കെടുത്തു.

ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയും അടക്കമാണ് ഇന്ത്യക്ക് റഫാല്‍ കൈമാറുന്നത്.

അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ എത്തുന്നത്. ഡാസാള്‍ട്ട് നിര്‍മിച്ച നാല്‍പതിലധികം മിറാജ്2000 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. ഇവയ്ക്കും ഇത്തരത്തിലുള്ള സാങ്കേതിക സഹായം ഇവര്‍ നല്‍കിയിട്ടുണ്ട്.
മിഗ്21, മിഗ്29 എയര്‍ ഫൈറ്ററുകളാണ് ഇന്ത്യയില്‍ സേനയില്‍ കൂടുതല്‍, ശത്രു റഡാറുകളെ വെട്ടിച്ചു വളരെ ദൂരം താഴ്ന്നുപറന്നു ബോംബിടാന്‍ ശേഷിയുള്ള ജഗ്വാര്‍ വിമാനങ്ങള്‍, ഇന്ത്യയില്‍ നിന്നു പറന്നുപൊങ്ങിയാല്‍ ഏതു ഭാഗത്തുമെത്തി ബോംബിടാന്‍ കഴിവുള്ള ആധുനികോത്തരമായ സുഖോയ്30 എംകെഐ എന്നിവയെല്ലാം ഇപ്പോള്‍ തന്നെ വ്യോമസേനയ്ക്ക് സ്വന്തമാണ്.

കൂടാതെ തേജസ്സ് എന്ന ഇന്ത്യന്‍ നിര്‍മ്മിത പോര്‍വിമാനവും രംഗത്തുണ്ട്. ഇവയ്ക്കെല്ലാം ഒരോ ദൗത്യങ്ങളാണ്. ശത്രുക്കളുമായി ആകാശ യുദ്ധത്തിന് ശേഷിയുള്ള വിമാനങ്ങളാണ് ഫൈറ്ററുകള്‍. മിഗ് ഒക്കെ ആ ഗണത്തില്‍ പെടുത്താം. ശത്രുവിന്റെ ഭൂപ്രദേശത്ത് കടന്നുകയറി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ഡീപ് പെനിട്രേഷന്‍ സ്ട്രൈക്ക് വിമാനങ്ങളാണ് ജഗ്വാര്‍.

ബലാക്കോട്ടിലും മറ്റും ഇന്ത്യ ഉപയോഗിച്ചത് ഇവയാണ്. പറക്കല്‍ ശേഷിയും പ്രഹരശേഷിയും കൂടുതലാണെങ്കിലും ഇവയ്ക്ക് പ്രധാന പ്രശ്നം ശത്രു ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ കൂടെ പോര്‍വിമാനങ്ങള്‍ വേണം എന്നതാണ്. അതേ സമയം ശത്രുഭൂമിയിലേക്ക് അതിക്രമിച്ചു കയറി കനത്ത ആക്രമണം നടത്താന്‍ കഴിവുള്ളവയാണു സുഖോയ്30 വിമാനം. ജഗ്വാറിനെക്കാള്‍ മികച്ച സ്വരക്ഷാസംവിധാനം ഇവയ്ക്കുണ്ട്. വ്യോമസേനയുടെ പക്കല്‍ 220 സുഖോയ്30 വിമാനങ്ങളുണ്ട്.

ഇതില്‍ 27 എണ്ണം സൂപ്പര്‍ സുഖോയ് വിമാനങ്ങളാണ്. ശത്രുവിന്റെ പിന്‍നിര നീക്കങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള 140 വരെ ജഗ്വാര്‍ വിമാനങ്ങളും. ആക്രമിച്ചുവരുന്ന ടാങ്ക് വ്യൂഹങ്ങളെയും പീരങ്കിപ്പടയെയും ആകാശത്തു നിന്ന് ആക്രമിക്കാന്‍ മിഗ്27 എന്ന ഗ്രൗണ്ട് അറ്റാക്ക് വിമാനങ്ങളും. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേര്‍പ്പെടാന്‍ മാത്രമായി ചില വിമാനങ്ങളുണ്ട്.

ഇവയില്‍ മിഗ്29 ആണു മുമ്പന്‍. വിമാനം ഒട്ടേറെ മികച്ചതാണെങ്കിലും എണ്ണം വെറും 65 മാത്രം. മിഗ്21 വിമാനങ്ങള്‍ എണ്ണത്തില്‍ കൂടുതലാണ് എന്നാല്‍ ഇവയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. 1970കളിലെ ടെക്നോളജിയിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതിന്റെ പരിപാലനം വലിയ പണിയാണ്. അതിനാല്‍ തന്നെ ഇവയുടെ അപകടങ്ങള്‍ വാര്‍ത്തയാകുന്നു. ഇവ മെല്ലെ മെല്ലെ ഇന്ത്യന്‍ വ്യോമസേന ഒഴിവാക്കുകയാണ്. ഇതിനാല്‍ തന്നെയാണ് ഇന്ത്യ വലിയ തുകയ്ക്ക് ഇവയ്ക്ക് ബദലായി റഫാല്‍ സേനയില്‍ എത്തിക്കുന്നത്.
SHARE THIS

Author:

0 التعليقات: