Monday, 7 October 2019

ഡീസല്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന; സൗദിയില്‍ പിടിയിലായ 10 പേരില്‍ ഒമ്പതും മലയാളികള്‍

റിയാദ്: ഡീസല്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പന നടത്തിയതിന് റിയാദിലെ പെട്രോള്‍ പമ്പിലെ പത്ത് ജീവനക്കാര്‍ക്കെതിരെ കേസ്. ഒമ്പത് മലയാളികളും ഒരു പാക്കിസ്താനിയുമടങ്ങുന്ന സംഘത്തിലെ ഒരാളെ ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചു.


കൊല്ലം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മാസങ്ങള്‍ക്ക് മുമ്പ് ശരീരത്തിന്റെ ഒരു ഭാഗം കുഴഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിദഗ്ധ ചികിത്സ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ കേസ് തടസ്സമായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ പോലീസ്, പ്രോസിക്യൂഷന്‍, കോടതി എന്നിവിടങ്ങളില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഇയാളുടെ പേരിലുള്ള കേസ് ഒഴിവാക്കുകയും കോടതി നാട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പെട്രോള്‍ പമ്പില്‍ നിന്ന് പോലീസ് പിടികൂടിയത്. അഞ്ചു ദിവസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്ന ഇവരെ കമ്പനി ജാമ്യത്തില്‍ ഇറക്കുകയും ചെയ്തു.

മലപ്പുറം സ്വദേശിക്ക് നാട്ടില്‍ പോകാനായി വീണ്ടും എല്ലാവരെയും കോടതിയില്‍ ഹാജരാക്കി. ഈ സമയം ഇവര്‍ കുറ്റസമ്മതവും നടത്തി. മായം കലര്‍ത്തി വില്‍പന നടത്തുന്നത് വഴി ലഭിക്കുന്ന അധിക പണം ഇവര്‍ പങ്കിട്ടെടുക്കാറായിരുന്നു പതിവ്. മൂന്നു മാസത്തെ തടവാണിപ്പോള്‍ ഇവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.

നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ തടവുശിക്ഷ കഴിഞ്ഞേ പോകാനാവൂവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. കേസ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.


SHARE THIS

Author:

0 التعليقات: