Tuesday, 29 October 2019

ഇവിടെയൊരു ദുഷ്യന്തില്ല, മറ്റു വഴികളുമുണ്ട്; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി സേന

മുംബൈ: സര്‍ക്കൂര്‍ രൂപവല്‍ക്കരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി വീണ്ടും ശിവസേന. 
സംസ്ഥാനത്ത് ഒരു ദുഷ്യന്ത് ചൗട്ടാല (ഹരിയാനയില്‍ സഖ്യം ചേര്‍ന്ന ജെ.ജി.പി നേതാവ്) ഇല്ലെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും മറ്റു വഴികള്‍ മുന്നിലുണ്ടെന്നും ശിവസേനാ എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭിന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ' ഇവിടെ (മഹാരാഷ്ട്ര) ഞങ്ങള്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും രാഷ്ട്രീയമാണ് മുന്നോട്ടു വയ്ക്കുന്നത്. ശരദ് പവാറാണ് ബി.ജെ.പിക്കെതിരെയുള്ള പരിതസ്ഥിതി ഉണ്ടാക്കിയത്. കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പിക്കൊപ്പം പോകുകയുമില്ല' - അദ്ദേഹം പറഞ്ഞു. 

അധികാരത്തില്‍ തുല്യപങ്കാളിത്തം വേണമെന്നാണ് ബി.ജെ.പിക്കു മുമ്പില്‍ ശിവസേന വച്ചിട്ടുള്ള ആവശ്യം. ഇതുപ്രകാരം രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം സേനയ്ക്ക നല്‍കേണ്ടി വരും. സേന ഇക്കാര്യം ഔദ്യോഗികമായി തന്നെ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയില്‍ 105 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. 56 സീറ്റാണ് ശിവസേനയ്ക്കുള്ളത്. സ്വതന്ത്രന്മാരുടെ പിന്തുണയോടെ തങ്ങള്‍ക്ക് 122 പേരുടെ പിന്തുണ ഉണ്ട്, മറ്റെല്ലായിടത്തും സഖ്യകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി പദമാണ് നല്‍കുന്നത് എന്നാണ് ബി.ജെ.പി പറയുന്നത്. അതേസമയം, ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ശിവസേനയ്ക്ക പുറത്ത് നിന്ന് പിന്തുണ നല്‍കാനും ആലോചിക്കുന്നുണ്ട്.


SHARE THIS

Author:

0 التعليقات: