Friday, 25 October 2019

എസ് വൈ എസ് സാന്ത്വന കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നിര്‍മിച്ച സാന്ത്വന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി.

ഉദ്ഘാടന ചടങ്ങില്‍ സാന്ത്വനം സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച സാന്ത്വനം വോളണ്ടിയേഴ്സിന്റെ സമര്‍പ്പണം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും നിര്‍വഹിച്ചു. പുതിയ ആയിരം വീടുകള്‍ നിര്‍മിക്കുന്ന ദാറുല്‍ഖൈര്‍ ഭവന പദ്ധതിയുടെ ലോഞ്ചിംഗ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. 

റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിലും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമെത്തുന്ന നിരാലംബരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്രയമാകുന്ന കേന്ദ്രത്തില്‍ ഒരേ സമയം 300 പേര്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലായി 25,000 സ്‌ക്വയര്‍ ഫീറ്റ് വിശാലതയുള്ള സാന്ത്വന കേന്ദ്രം ഐ സി എഫിന്റെ സഹായത്തോടെ പത്ത് കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. സേവന സാന്ത്വന കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘമാണ് എസ് വൈ എസ് സാന്ത്വനം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം, മരുന്ന്, വോളണ്ടിയര്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. 


SHARE THIS

Author:

0 التعليقات: