Saturday, 5 October 2019

ഇന്ന് ലോക അധ്യാപകദിനം

പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒരുദിവസം എല്ലാം വിറ്റു. ഒടുവില്‍ ആരും വാങ്ങാത്ത തകര്‍ന്ന ഒരു വീണ മാത്രം ബാക്കിയായി. എല്ലാവരും പിരിഞ്ഞുപോവാന്‍ തുടങ്ങിയപ്പോള്‍ ഒരു വൃദ്ധനായ മനുഷ്യന്‍ കടയിലേക്ക് കയറി ആ വീണയെടുത്ത് പൊടി തട്ടി തന്ത്രികള്‍ ചേര്‍ത്തുകെട്ടി മനോഹരമായ ഗീതം തുടങ്ങി. ആളുകള്‍ പിന്തിരിഞ്ഞുവരാന്‍ തുടങ്ങി. ഗീതം കഴിഞ്ഞപ്പോള്‍ ചുറ്റം വലിയ ആള്‍ക്കൂട്ടം. അവര്‍ ആ വീണക്ക് വില പറയാന്‍ തുടങ്ങി. വൈകുന്തോറും വില കുതിച്ചുയര്‍ന്നു. ഇതാണ് ഗുരുസ്പര്‍ശനത്തിന്റെ മഹത്വം. ഗുരു സ്പര്‍ശിച്ചാല്‍ പിന്നെ പഴയതില്ല. പഴയ ദുസ്വഭാവങ്ങള്‍ നീങ്ങി സല്‍സ്വഭാവം വന്നണയുന്നു. ഇഷ്ടപ്പെടാത്തവന്‍ ഇഷ്ടപ്പെടുന്നവനാകുന്നു. കല്ല് മുത്താകും. വില നിര്‍ണയിക്കാന്‍ പറ്റാത്ത ദേഹേച്ഛയുടെ അടിമയായ മനുഷ്യനെ അമൂല്യമായ അതുല്യവ്യക്തിത്വമാക്കി മാറ്റുന്നവനാണ് ഗുരുനാഥന്‍. 

ഇന്ന് ലോക അധ്യാപകദിനമാണ്. ഓരോ അധ്യാപക ദിനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് മാതൃക തീര്‍ത്ത് കടന്നുപോയ മഹത്തായ അധ്യാപകരുടെ സന്ദേശങ്ങളാണ്.
പുണ്യറസൂല്‍ (സ) ലോകത്തിന് മാതൃക തീര്‍ത്ത തുല്യതയില്ലാത്ത അധ്യാപകനാണ്. അറിവ് മനസ്സിലാക്കിക്കൊടുക്കുക എന്ന വലിയ ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ നന്മ എടുത്തുപറയുക, തുറന്ന അഭിനന്ദനം, നല്ലതിനെ മാത്രം അഭിനന്ദിക്കുക, വിമര്‍ശനങ്ങള്‍ ഒഴിവാക്കുക, വീഴ്ചകള്‍ സൗമ്യമായി ചൂണ്ടിക്കാട്ടുക, തെറ്റുകള്‍ ബോധ്യപ്പെടുത്തുക, യഥാര്‍ത്ഥ അധ്യാപകന്റെ രീതി ഇതാണ്. 

അറിവു പകര്‍ന്നുകൊടുക്കുന്നവന് ഇസ്‌ലാം വലിയ മഹത്വം നല്‍കി. നബി (സ) തങ്ങള്‍ പറഞ്ഞു: ഞാന്‍ അധ്യാപകനായി നിയോഗിക്കപ്പെട്ടു. ഒരു നല്ല കാര്യം അറിയിച്ചുകൊടുക്കുന്നവന് അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെ തുല്യ പ്രതിഫലമുണ്ട് (തിര്‍മുദി).

വിദ്യയനുസരിച്ച് തന്റെ സഹോദരന് അത് പഠിപ്പിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ദാനധര്‍മ്മം(ഇബ്‌നു മാജ).
അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമികളില്‍ ഉള്ളവരും മാളങ്ങളിലെ ഉറുമ്പുകളും മത്സ്യങ്ങളും വരെ ജനങ്ങള്‍ക്ക് നല്ലത് പഠിപ്പിച്ചുകൊടുക്കുന്നവര്‍ക്ക് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു (തിര്‍മുദി).
'ജീവനുള്ള ഒരു യഥാര്‍ത്ഥ അധ്യാപകന്‍ അരികിലുണ്ടെങ്കില്‍ ജീവനില്ലാത്ത ഗ്രന്ഥങ്ങള്‍ക്ക് എന്ത് മൂല്യമാണുള്ളത്' 

-അബ്ബാസ് സഖാഫി
ഖത്വീബ്, മുഹിമ്മാത്ത്‌


SHARE THIS

Author:

0 التعليقات: